കൊച്ചി: അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ. തന്റെ ജീവിതത്തിലെ അടുത്ത ലക്ഷ്യം സാമൂഹ്യ സേവനമാണ്. ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷമാണ് രജിത് കുമാർ ഇക്കാര്യം അറിയിച്ചത്.
താൻ എങ്ങും പോയിരുന്നില്ലെന്നും വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നും രജിത് കുമാർ പറഞ്ഞു. ആർക്കും ശല്യമുണ്ടാകേണ്ട എന്ന് കരുതിയാണ് മൊബൈൽ ഫോണുകൾ ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അറിവില്ലായ്മയായിരുന്നു എന്നും രജിത് കുമാർ പറഞ്ഞു.
നേരത്തെ, വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ ആരാധകർ കൂടി സംഭവം തനിക്ക് അറിവുള്ളതായിരുന്നില്ലെന്ന് രജിത് കുമാർ പറഞ്ഞിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും രജിത് കുമാർ പറഞ്ഞു. കൊവിഡ് 19 നിർദേശങ്ങൾ മറികടന്ന് രജിത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവത്തിൽ 75 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിന് 500 മീറ്റർ പരിധിയിൽ പ്രകടനമോ സംഘം ചേരലോ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും സംഘം ചേർന്ന് മുദ്രവാക്യം മുഴക്കിയതിനുമാണ് ഇവർക്കെതിരേ കേസെടുത്തത്. ഞായറാഴ്ച രാത്രിയാണ് ചെന്നൈയിൽ നിന്നെത്തിയ രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയത്. പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
Post Your Comments