ബെംഗളൂരു: കൊറോണ രോഗലക്ഷണമുള്ളവർ പലരും ഐസൊലേഷന് വിധേയരാക്കാൻ മടി കാണിക്കുകയാണ്. ഭീതി മൂലമാണ് ആളുകൾ പിന്മാറുന്നതെന്നാണ് സൂചന. ഇത്തരമൊരു അവസരത്തിൽ കര്‍ണാടകത്തില്‍ കൊറോണ സ്ഥിരീകരിച്ച യുവതിയുടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നുളള അനുഭവക്കുറിപ്പ് വൈറലാവുകയാണ്. നമ്മള്‍ ചൈനയിലോ ഇറ്റലിയിലോ ഇറാനിലോ അല്ല മറിച്ച് ഇന്ത്യയിലാണ് എന്നതില്‍ ആശ്വാസം കൊളളുക എന്നാണ് യുവതി വ്യക്തമാക്കുന്നത്.
കുറിപ്പ് ഇങ്ങനെ;
കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെ സര്‍ക്കാര്‍ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്കും തുടർന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്കും മാറ്റി. ആശങ്കയുണ്ടാക്കുന്നതൊന്നും അവിടെ ഉണ്ടായിരുന്നില്ല. നിരന്തരം ഞങ്ങളുടെ അവസ്ഥ വിലയിരുത്തുന്നുണ്ടായിരുന്നു. അവരുടെ ഫോണ്‍ നമ്പറും തന്നിരുന്നു. ഐസൊലേഷനില്‍ ഉളളവരെ സഹായിക്കാന്‍ മാനസികാരോഗ്യ വിദഗ്ധരും ഉണ്ട്. തങ്ങള്‍ കൊറോണ പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ച ഉടന്‍ ആരോഗ്യ വകുപ്പിന്റെ അധികൃതര്‍ ചെയ്തത് കോണ്‍ടാക്‌ട് ട്രെയ്‌സിംഗ് ആണ്. ഭര്‍ത്താവിന്റെ ഓഫീസിലെ സഹപ്രവര്‍ത്തകരേയും കുട്ടിയുടെ സഹൃത്തുക്കളേയും സഹപാഠികളേയും തങ്ങളുടെ സുഹൃത്തുക്കളേയും അയല്‍ക്കാരെയും അടക്കം കണ്ടെത്തി.
തങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് മാധ്യമങ്ങളെ അകറ്റി നിർത്തി. നമ്മുടെ സംവിധാനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുളളൂ. വീടുകളിലിരുന്ന് കുറ്റം പറയാന്‍ എളുപ്പമാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ വകുപ്പും സര്‍ക്കാരും അടക്കമുളള ഹീറോകളോട് നന്ദിയുളളവരായിരിക്കൂവെന്നും യുവതി പറയുന്നു.
Post Your Comments