പീരുമേട്: താമസസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നു ശ്മശാനത്തില്‍ അന്തിയുറങ്ങിയ ഇറ്റലിക്കാരന്‍ പോയത് കോട്ടയത്തേക്കെന്ന് റിപ്പോർട്ട്. ഞായറാഴ്ച പുലര്‍ച്ചെ 5.20നു കട്ടപ്പനയില്‍ നിന്നു പുറപ്പെട്ട് 7നു വാഗമണ്ണില്‍ എത്തിയ ഇയാൾ കോട്ടയത്തേക്കു ടിക്കറ്റ് എടുത്ത ശേഷം സ്റ്റാൻഡിൽ ഇറങ്ങിയതായാണ് ബസിലെ വനിതാ കണ്ടക്ടര്‍ പറയുന്നത്. ശനിയാഴ്ച വൈകിട്ട് വാഗമണ്ണിലെത്തിയ ഇയാൾ താമസസൗകര്യം തേടി മണിക്കൂറുകളോളം കറങ്ങി നടന്നിരുന്നു. ഇറ്റലിയില്‍ നിന്നാണ് വന്നതെന്ന കാരണത്താൽ മുറി നൽകാൻ പലരും മടി കാണിക്കുകയായിരുന്നു. ഇതിന് ശേഷം രാത്രിയോടെ ഇയാളെ കാണാതായി.
ഇറ്റലിയിൽ നിന്ന് വന്ന ഒരാൾ കറങ്ങിനടക്കുന്ന വിവരം അറിഞ്ഞ പ്രദേശവാസിയായ ടൂര്‍ ഓപ്പറേറ്റര്‍ വാഗമണ്‍ പൊലീസിൽ അറിയിച്ചു. എന്നാൽ പുലര്‍ച്ചെ ഒരുമണി വരെ തങ്ങള്‍ അന്വേഷിച്ചെങ്കിലും വിദേശിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോലീസുകാർ വ്യക്തമാക്കിയത്. ഇതിനിടെ ഞായറാഴ്ച രാവിലെ ആറിനു വാഗമണ്‍ – പുള്ളിക്കാനം റോഡിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പള്ളി ശ്മശാനത്തില്‍ നിന്ന് ഇയാൾ ഇറങ്ങിവരുന്നത് കണ്ട ഒരു നാട്ടുകാരൻ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. കാപ്പി നിറമുള്ള ഷർട്ടായിരുന്നു ഇയാൾ ധരിച്ചിരുന്നത്. ഒന്നരകിലോമീറ്ററോളം നടന്നതിന് ശേഷമാണ് ഇയാൾക്ക് ബസ് കിട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനിടെ ഇത്രയും സമയം ലഭിച്ചിട്ടും പോലീസുകാർ എത്തിയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Post Your Comments