കൊച്ചി ? കഴിഞ്ഞദിവസം റിയാലിറ്റി ഷോയിൽ നിന്നും പുറത്തുവന്ന മത്സരാർത്ഥിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഗുരുതര വീഴ്ചയാണെന്നതിൽ തർക്കമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. കോവിഡ് -19 വ്യാപനം തടയുന്നതിൽ ഒന്നിലധികം തവണ വീഴ്ച വന്ന സ്ഥലമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ആ വീഴ്ചകൾ തുറന്ന് കാട്ടിയപ്പോൾ സൈബർ അക്രമണമായിരുന്നു ഫലം. യാതൊരുവിധ സുരക്ഷയുമില്ലാതെ ഈ ആൾക്കൂട്ടം അവിടെ തടിച്ചുകൂടുമ്പോൾ എവിടെയായിരുന്നു ജില്ലാ ഭരണകൂടമെന്നും എവിടെയായിരുന്നു വിമാനത്താവള സുരക്ഷാ ചുമതലയുള്ള സി ഐ എസ് എഫ് എന്നും അദ്ദേഹം ചോദിച്ചു.
എല്ലാ സുരക്ഷാ മാനദണ്ഡവും ലംഘിച്ച ശേഷം കേസ്കൊണ്ട് എന്ത് ഫലം. ഈ ആൾക്കൂട്ടത്തിന്റെ വരവ് ഉണ്ടായത് സമൂഹമാധ്യമങ്ങളിൽ മുൻകൂർ പ്രഖ്യാപിച്ചിട്ടായിരുന്നു. എന്നിട്ടും സംസ്ഥാന ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും എന്തെടുക്കുകയായിരുന്നു ?
സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ വളഞ്ഞിട്ട് അക്രമണം നടത്താൻ സൈബർ ഗുണ്ടകളെ കയറൂരി വിടുന്നവർ, ഗൗരവതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും മടിക്കുന്ന ദുര്യോഗം ഒരു ജനതയുടെ ജീവൻകൊണ്ടുള്ള കളിയാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.സി വിഷ്ണുനാഥിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കോവിഡ് -19 വ്യാപനം തടയുന്നതിൽ ഒന്നിലധികം തവണ വീഴ്ച വന്ന സ്ഥലമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ആ വീഴ്ചകൾ തുറന്ന് കാട്ടിയപ്പോൾ സൈബർ അക്രമണമായിരുന്നു ഫലം.
എന്നാൽ ഇന്നലെ റിയാലിറ്റി ഷോയിൽ നിന്നും പുറത്തുവന്ന മത്സരാർത്ഥിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഗുരുതര വീഴ്ചയാണെന്നതിൽ തർക്കമില്ല.വിവാദമായപ്പോൾ 78 പേർക്കെതിരെ കേസെടുത്തു എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. യാതൊരുവിധ സുരക്ഷയുമില്ലാതെ ഈ ആൾക്കൂട്ടം അവിടെ തടിച്ചുകൂടുമ്പോൾ എവിടെയായിരുന്നു ജില്ലാ ഭരണകൂടം ? എവിടെയായിരുന്നു വിമാനത്താവള സുരക്ഷാ ചുമതലയുള്ള സി ഐ എസ് എഫ് ?
എല്ലാ സുരക്ഷാ മാനദണ്ഡവും ലംഘിച്ച ശേഷം കേസ്കൊണ്ട് എന്ത് ഫലം ?
ഈ ആൾക്കൂട്ടത്തിന്റെ വരവ് ഉണ്ടായത് സമൂഹമാധ്യമങ്ങളിൽ മുൻകൂർ പ്രഖ്യാപിച്ചിട്ടായിരുന്നു. എന്നിട്ടും സംസ്ഥാന ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും എന്തെടുക്കുകയായിരുന്നു ?
നെടുമ്പാശ്ശേരിയിലെ പോലീസിനെ കുറ്റപ്പെടുത്തുമ്പോൾ സംസ്ഥാന പോലീസ് മേധാവി തന്നെ കൊറോണ സംബന്ധിച്ച പ്രോട്ടോകാൾ ലംഘിച്ച് മുഖ്യമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുത്ത ചിത്രങ്ങൾ കണ്ടു.
ഇവിടെ ആര് ആരെ ശിക്ഷിക്കും ?
കൊച്ചിയിൽ മാത്രമല്ല തലസ്ഥാന നഗരിയിലും പത്തനംതിട്ടയിലും ഇടുക്കിയിലും വലിയ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.
നിപാ കാലത്തേതു പോലെ സർക്കാർ സംവിധാനത്തിനൊപ്പം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുകയാണ് സംസ്ഥാനത്തെ പൊതുരംഗം മുഴുവൻ. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ വളഞ്ഞിട്ട് അക്രമണം നടത്താൻ സൈബർ ഗുണ്ടകളെ കയറൂരി വിടുന്നവർ, ഗൗരവതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും മടിക്കുന്ന ദുര്യോഗം ഒരു ജനതയുടെ ജീവൻകൊണ്ടുള്ള കളിയാണെന്ന് മറക്കരുത്.
Post Your Comments