ലാ ലിഗ ക്ലബ് വലന്‍സിയയിലെ അഞ്ച് താരങ്ങള്‍ക്കും ഒരു സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വലന്‍സിയയുടെ അര്‍ജന്റീന പ്രതിരോധ താരം എസകെല്‍ ഗാരെ, ഫ്രഞ്ച് ഡിഫന്‍ഡര്‍ എലയ്ക്വിം മംഗാല, സ്പാനിഷ് പ്രതിരോധ താരം ജോസ് ഗയ എന്നിവരും അഞ്ച് പേരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരെല്ലാം ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റക്കെതിരായ വലന്‍സിയയുടെ ചാമ്പ്യന്‍സ് ലീഗ് മത്സരം അടച്ച സ്റ്റേഡിയത്തിലാണ് നടത്തിയത്. രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും നിര്‍ത്തി വെക്കാന്‍ ലാ ലിഗ ഭരണസമിതി തീരുമാനിച്ചു. കൂടാതെ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങി സുപ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തെ, ഇറ്റാലിയന്‍ ലീഗായ സീരി എ കൊവിഡ് 19 മൂലം നിര്‍ത്തിവച്ചിരുന്നു. ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബായ യുവന്റസിലെ ഒരു താരത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ലോക വ്യാപകമായി കൊവിഡ് 19 ഏറ്റവുമധികം പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി.
Post Your Comments