തിരുവനന്തപുരം: മുന്‍ എംപിയായ സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയില്‍ നിയമനം, രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഡ്വ. ജയശങ്കറുടെ കുറിപ്പ്. അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞാണ് നിയമനം നടത്തിയിരിക്കുന്നത്. ആലത്തൂരിലെ മുന്‍ എം.പിയായിരുന്ന പി.കെ.ബിജുവിന്റെ ഭാര്യയ്ക്കാണ് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി നിയമനം നല്‍കിയത്. ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായാണ് അഡ്വ. എ. ജയശങ്കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. . സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാവിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കുമെന്നും ജയശങ്കര്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു. നാട്ടില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്താണ്, സര്‍വകലാശാലയിലെ നിയമന വിവാദമെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചപ്പോള്‍ ചില വിവരദോഷികള്‍ അത് വിവാദമാക്കി.
ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നിയമിക്കാന്‍ ഒരുങ്ങുമ്‌ബോള്‍ അതും ചില ഏഴാംകൂലികള്‍ വിവാദമാക്കുകയാണ്.
സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കും. അത്രയേയുള്ളൂ കാര്യം.
ഉയര്‍ന്ന യോഗ്യതയും ഗവേഷണ ബിരുദവുമുളള ഉദ്യോഗാര്‍ത്ഥികള്‍ തഴയപ്പെട്ടു എന്നാണ് കുബുദ്ധികള്‍ പറയുന്നത്. തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാന്‍സലര്‍ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ.
അടിക്കുറിപ്പ്: നാട്ടില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്താണ്, സര്‍വകലാശാലയിലെ നിയമന വിവാദം.
Post Your Comments