തിരുവനന്തപുരം: ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിൽ. പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു മരണം. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി. ഇന്നലെയാണ് കണ്ണൂരിലെ വീട്ടിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴക്കേസിൽ താൻ നിരപരാധിയാണെന്ന ഷാജിയുടെ ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് ഷാജിയുടെ മരണം. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ഷാജി കരഞ്ഞു എന്നും മകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നും ‘അമ്മ പറഞ്ഞു.
മത്സരഫലം അനുകൂലമാക്കുന്നതിനു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നതായി ഷാജിയുടെ സഹോദരനും പറഞ്ഞു. ഷാജി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നു സഹോദരൻ അനിൽകുമാർ വ്യക്തമാക്കി. സംഭവത്തിൽ ഷാജി നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടാണു ഷാജിയെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് 12 മണിയോടെ ഷാജിയുടെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കും.
മത്സര ഫലം അനുകൂലമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഒരു ടീമിനു കൊടുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. പക്ഷേ, ഷാജി വഴങ്ങിയില്ല. സംഭവത്തിൽ താൻ നിരപരാധിയാണെന്നും തന്നെ ചിലർ ബലിയാടാക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞതായും അനിൽകുമാർ പറഞ്ഞു. വീട്ടിലേക്കു തിരിച്ചെത്തിയ ഷാജി അസ്വസ്ഥനായിരുന്നു. മാനസികപ്രയാസത്താൽ ഷാജിക്കു മറ്റുള്ളവരോട് അധികം സംസാരിക്കാൻ സാധിച്ചിരുന്നില്ല. തെറ്റ് ചെയ്തിട്ടില്ലെന്നത് അമ്മയെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയെന്നാണു ഷാജി വീട്ടുകാരോടു പറഞ്ഞത്.
വ്യാഴാഴ്ച രാവിലെ മുറിയിൽ കയറിയ ഷാജി വൈകിട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടവർക്കു മാത്രമാണു മാർക്ക് കൊടുത്തതെന്നും തെറ്റു ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാമെന്നും എഴുതിയ ഷാജിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കെഎസ്‌യു യൂണിയൻ ഭരിക്കുന്ന മാർ ഇവാനിയോസ്കോളജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാൻ എസ്എഫ്ഐ തങ്ങളെ ബലിയാടാക്കി എന്നായിരുന്നു ഇവരുടെ ആരോപണം. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തി.
Post Your Comments