കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണം നേരിട്ട വിധികർത്താവ് പി എൻ ഷാജി ആത്മഹത്യ ചെയ്തനിലയില്‍ കണ്ട സംഭവത്തിൽ പുതിയ ആരോപണങ്ങൾ ഉയരുന്നു. എസ്എഫ്ഐക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ. കേരളാ യൂണിവേഴ്‌സിറ്റിയിലെ ഇടിമുറിയില്‍ വിധികർത്താവിന് മർദ്ദനമേറ്റുവെന്നാണ് ആക്ഷേപം. ഇതിനിടെ ഷാജിയുടെ മാലയും മോഷ്ടിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മകന്റെ മുഖത്ത് മർദനമേറ്റ പാടുണ്ടായിരുന്നു.
എന്റെ കാലുപിടിച്ച് തെറ്റൊന്നുംചെയ്തിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഷാജിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാല മടങ്ങിയെത്തിയപ്പോള്‍ കാണാനില്ലായിരുന്നുവെന്ന് ഷാജിയുടെ അമ്മ പൂത്തട്ട ലളിത പറയുന്നു. എസ് എഫ് ഐ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നതെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഷാജിയുടെ മരണം എസ്.എഫ്.ഐ. നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച് കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയിട്ടുണ്ട്.
കലോത്സവത്തിലെ മാർഗംകളിയില്‍ തങ്ങള്‍ പറഞ്ഞ മത്സരാർഥികള്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. നേതാക്കള്‍ ഷാജിയെ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തതായാണ് ആരോപണം. എസ് എഫ് ഐയും സിപിഎമ്മും ആരോപണം നിഷേധിച്ചിട്ടുണ്ട്.
ഷാജിയെ കുടുക്കിയതാണെന്ന് ആരോപിച്ച് സഹോദരൻ അനില്‍കുമാർ രംഗത്തെത്തി. അടുത്തസുഹൃത്തുക്കളാണ് ഇതിനുപിന്നിലെന്ന് ഷാജി പറഞ്ഞതായി അനില്‍ വ്യക്തമാക്കി. ഷാജി കോഴവാങ്ങില്ലെന്നും നൃത്തം പരിശീലിപ്പിച്ചതിനുള്ള ഫീസ് വാങ്ങിയെടുക്കാൻപോലും ശേഷിയില്ലാത്തയാളാണെന്നും ഓള്‍ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നയൻതാര മഹാദേവൻ പറഞ്ഞു. അതേസമയം, മാനസികവിഷമത്തെ തുടർന്ന് ആത്മഹത്യചെയ്‌തെന്നാണ് കണ്ണൂർ സിറ്റി പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Post Your Comments