കാസര്‍കോട്: കര്‍ണാടകയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചതോടെ അന്തര്‍ സംസ്ഥാന യാത്രക്കാരെയും പരിശോധിക്കുവാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സംസ്ഥാന അതിര്‍ത്തികളിലും റയില്‍വേ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വടക്കന്‍ മേഖലയില്‍ കൂടുതല്‍ ശക്തമായ നിരീക്ഷണം നടത്തുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ ചിലര്‍ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുന്നില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നിരീക്ഷണത്തിനും പരിശോധനക്കുമായി മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനും കാസര്‍കോട് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങി കൊണ്ട് പ്രാദേശിക തലത്തില്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
രാജ്യത്ത് രണ്ടുപേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. കര്‍ണാടകയിലും ഡല്‍ഹിയിലുമാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച് ഡല്‍ഹി ജനക്പുരിയില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് രാജ്യത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ALSO READ: കൊവിഡ് 19: വൈറസിനെ പ്രതിരോധിക്കാൻ പാരസെറ്റമോള്‍ ചികിത്സ മതിയെന്ന് മുഖ്യമന്ത്രി
കര്‍ണാടകയിലെ കലബുറഗിയിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടന വീസയില്‍ സൗദി സന്ദര്‍ശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് മരിച്ചത്. രാജ്യത്തു ഇതുവരെ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 22 പേര്‍ കേരളത്തിലാണ്.
Post Your Comments