ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹി ജനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവര്‍ക്ക് കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നു. ഇതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഡല്‍ഹി ജനക്പുരി സ്വദേശിനിയാണ്. ജപ്പാന്, ജനീവ, ഇറ്റലി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരിച്ചെത്തിയ ഇവരുടെ മകനില്‍നിന്നാണ് രോഗം ബാധിച്ചത്. കൊറോണ സ്ഥിരീകരിച്ച മകന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കര്‍ണാടക സ്വദേശിയാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ച ആദ്യ വ്യക്തി. കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് ഇന്നലെ മരിച്ചത്. സൗദി അറേബ്യയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് ഇന്ത്യയില്‍ എത്തിയ ഇദ്ദേഹത്തെ ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. കേരളത്തില്‍ പുതുതായി സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെയുളള കണക്കാണിത്. രോഗവ്യാപനം ഉയര്‍ന്നതോടെ, രാജ്യത്ത് അതിവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിയേറ്ററുകളും ജിമ്മുകളും മാളുകളും അടച്ചിടാനാണ് ഇരുസര്‍ക്കാരുകളും ഉത്തരവിട്ടിരിക്കുന്നത്. അതേപോലെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്.
Post Your Comments