ന്യൂഡൽഹി: ഇന്ത്യയില്‍ ഇതുവരെ 73 കോവിഡ് 19 കേസുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തിലെ മൂന്നു കേസുകളില്‍ രോഗം ഭേദമാവുകയും അവര്‍ ആശുപത്രി വിടുകയും ചെയ്തു. ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 ഡിസംബര്‍ 31ന് ആദ്യ കേസ് വന്നതു മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായിച്ചേര്‍ന്ന് സ്ഥിതി ഗതികള്‍ സ്ഥിരമായിവിലയിരുത്തുകയും അവലോകനം ചെയ്യുകയുമാണ്.
2020 ജനുവരി 30ന് ലോകാരോഗ സംഘടന കൊവിഡ് 19 നെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി പ്രഖ്യാപിക്കുന്നതിനു മുൻപേ ജനുവരി 8ന് തന്നെ ഇന്ത്യയുടെ ഇടപെടലുകള്‍ തുടങ്ങിയിരുന്നു. ആരോഗ്യ മേഖലയില്‍ സംസ്ഥാന തലത്തിലുള്ള തയ്യാറെടുപ്പുകള്‍ക്ക് 2020 ജനുവരി 17ന് നിര്‍ദേശം നല്‍കി. അതേദിവസം തന്നെ നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങി. ലോകാരോഗ്യ സംഘടന കോവിഡ് 19 നെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. 114 രാജ്യങ്ങളിലായി 118,000 കൊറോണ വൈറസ് കേസുകളാണുള്ളത്.
കോവിഡ് 19 കൈകാര്യം ചെയ്യുന്നതിന് സാമൂഹിക നിരീക്ഷണം, രോഗികളെ പ്രത്യേകം നിരീക്ഷിക്കല്‍, ഒറ്റയ്ക്കു താമസിപ്പിച്ചു ചികിത്സ, പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ദ്രുതകര്‍മ്മ സംഘം തുടങ്ങിയവ ശക്തിപ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേര്‍ന്ന് കേന്ദ്ര മന്ത്രാലയങ്ങള്‍ വിവിധ നടപടികള്‍ സ്വീകരിച്ചു.മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ ജനുവരി 17ന് സ്‌ക്രീനിംഗ് തുടങ്ങുകയും 21ന് ചെന്നൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും പിന്നീടത് 30 വിമാനത്താവളങ്ങളില്‍ക്കൂടി തുടങ്ങുകയും ചെയ്തു.
ഇന്ത്യ എല്ലായ്‌പ്പോഴും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തില്‍ ശ്രദ്ധയുള്ള രാജ്യമാണ്. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് 2020 ഫെബ്രുവരി ഒന്നു മുതല്‍ തന്നെ യഥാസമയം ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. 900 ഇന്ത്യന്‍ പൗരന്മാരെ കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ മടക്കിക്കൊണ്ടുവന്നു. ഇതിനു പുറമേ, ഇറ്റലിയില്‍ നിന്ന് 83 പേരെ ഇന്നലെ എത്തിച്ച് കര്‍ശന നിരീക്ഷണത്തിലാക്കി. ആശുപത്രികളിലുള്ള മുഴുവന്‍ രോഗികളുടെയും നില മെച്ചപ്പെട്ടു.
സ്ഥിരമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് കോവിഡ് 19 കൈകാര്യംചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് രൂപം നല്‍കുന്നതിനുമായി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു സംഘം മന്ത്രിമാരുടെ ഉന്നതതല സമിതിരൂപീകരിച്ചു. ഈ സമിതി ഇതുവരെ ആറു തവണയോഗം ചേരുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് വിലയിരുത്തുകയും ചെയ്തു.വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാരെയും 30 വിമാനത്താവളങ്ങളില്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയുംചെയ്യുന്നു.
അതുപോലെ തന്നെ 12 പ്രധാന തുറമുഖങ്ങളിലും 65 ചെറുകിട തുറമുഖങ്ങളിലും എത്തുന്ന കപ്പലുകളിലെ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നു.അതിവേഗം സ്ഥിതിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്നലെ മാത്രം മന്ത്രിതല സമിതി രണ്ടുവട്ടം യോഗം ചേര്‍ന്നു. രാജ്യത്തെ പൗരന്മാരുടെ ക്ഷേമതാല്‍പര്യം കണക്കിലെടുത്ത് വിവിധ മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്ക് തീരുമാനമെടുത്തു. ക്യാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിതല സമിതി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയ ആളുകളെ തിരിച്ചെത്തിച്ചതുപോലെ ഇറ്റലിയിലുള്ളവരെയും കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം കേന്ദ്രത്തിനെതിരെ മാധ്യമങ്ങൾ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ വി മുരളീധരൻ രംഗത്തെത്തി. കൊവിഡ് 19 പടരുന്ന സാഹചര്യത്തെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. വിദേശകാര്യ, ആഭ്യന്തര, വ്യോമയാന, പ്രതിരോധ മന്ത്രിമാര്‍ സമിതിയില്‍ അംഗങ്ങളാണ്.
ഇറ്റലിയിലെ ഡോക്ടര്‍മാര്‍ ആളുകളെ പരിശോധിക്കാനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും തയ്യാറാവുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍ വന്നപ്പോഴാണ് ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അയക്കാന്‍ മന്ത്രിതല സംഘം തീരുമാനിച്ചത്. മെഡിക്കല്‍ സംഘം പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നവരെ തിരികെ കൊണ്ടുവരും. രോഗബാധയുള്ളവര്‍ക്ക് ഇറ്റലിയില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കും.
ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയ ആളുകളെ തിരിച്ചെത്തിച്ചത് ഈ സംഘത്തിന്റെ തീരുമാനപ്രകാരമാണ്. കോവിഡ് ബാധിച്ച രാജ്യങ്ങളിലുള്ളവരെ തിരികെ എത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന മാദ്ധ്യമ വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം മറച്ചു വച്ച് സ്ഥാപിത താത്പര്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ഈ മഹാ വ്യാധിയുടെ കാര്യത്തിലെങ്കിലും മാറ്റിവയ്ക്കാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments