ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി പ്രക്ഷോഭകരുടെ ചിത്രങ്ങള്‍ വിവാദത്തില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുപ്രീം കോടതിയിലേയ്ക്ക് . പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കുറ്റോരോപിതരായ വ്യക്തികളുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നീക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണമെന്നാണ് യുപി സര്‍ക്കാരിന്റെ ആവശ്യം. ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.
കുറ്റാരോപിതരുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ഉടന്‍ നീക്കണമെന്നായിരുന്നു വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, ഉത്തരവ് നടപ്പാക്കിയിട്ടില്ല.
അക്രമ സംഭവങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം കുറ്റാരോപിതരില്‍നിന്ന് ഈടാക്കുമെന്ന് വിവിധ നഗരങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കത്തിന് എതിരല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറ്റാരോപിതരുടെ വ്യക്തി വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments