Latest NewsUAENewsGulf

കൊറോണ വൈറസ് : പ്രവാസികൾക്ക് സുപ്രധാന നിർദേശവുമായി യുഎഇ സർക്കാർ

ദുബായ് : കൊറോണ വൈറസ്(കോവിഡ് 19) വ്യാപനത്തെ തുടർന്ന് പ്രവാസികൾക്ക് സുപ്രധാന നിർദേശവുമായി യുഎഇ സർക്കാർ.  ഇന്ത്യൻ പ്രവാസികൾ അവരുടെ സ്വന്തം രാജ്യത്തേക്കുൾപ്പെടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതിനു പിന്നാലെയാണ് യുഎഇയുടെ നിർദേശം. ഇന്ത്യ ഇമിഗ്രേഷൻ ബ്യൂറോ കഴിഞ്ഞ ദിവസം കൊറോണ വൈറസ് (കോവിഡ് -19) ബാധയുമായി ബന്ധപ്പെട്ട് പുതിയ നടപടികളും യാത്രാ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു. വിദേശ പൗരന്മാർക്ക്, പ്രത്യേകിച്ച് കോവിഡ് -19 ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിയതിന് പുറമെ വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കും സർക്കാർ പുതിയ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

നിലവിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ അത്യവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും, ഇന്ത്യയിലെത്തിയാൽ നിർബന്ധമായും 14ദിവസത്തേക്ക് ഐസൊലേഷനിലേക്ക് മാറ്റുമെന്നും നിർദേശങ്ങളിൽ പറയുന്നു. അതോടൊപ്പം നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന  സ്വദേശി പൗരന്മാരും, വിദേശികളും ഇന്ത്യ ഗവണ്മെന്റ് പുറത്തിറക്കിയ ഈ പുതിയ മാർഗനിർദേശങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണമെന്നു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍, സുഡാന്‍, എത്യോപ്യ, എരിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ജോര്‍ദാനിലേക്ക് കരമാര്‍ഗമുള്ള യാത്ര തടഞ്ഞിട്ടുണ്ട്. സൗദി ഇഖാമയുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യയുള്‍പ്പെടെ ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞവര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചരക്കു നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈന്‍സിലേയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും മടങ്ങി വരാന്‍ അനുമതി നൽകി.

Also read : കോവിഡ് 19 : യു എ ഇ യിൽ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചിടും.

ഇതോടെ അവധിക്കു നാട്ടിൽ പോയ മലയാളികൾ ഉൾപ്പെടെ നിരവധി പേര്‍ വിസ കാലാവധി കഴിയുന്നതിനു മുമ്പ് തിരിച്ചെത്താൻ കഴിയുമോയെന്ന ആശങ്കയിലാണുള്ളത്. അവധിക്കു നാട്ടി പലരും ഇതിനോടകം യാത്ര മാറ്റിവെച്ചു. ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ പതിനാലു രാജ്യങ്ങളിലേക്കു നേരത്തെ സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button