ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിറ്റേന്ന് ബിജെപിയില്‍ ചേര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ. ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശം. തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സന്ധ്യ ഉന്നയിച്ചത്. കോണ്‍ഗ്രസ് ഒരു അഴിമതി കൂടാരമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി പദവിയും മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ സീറ്റുമാണ് സിന്ധ്യയ്ക്കുള്ള വാഗ്ദാനമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളില്‍ സിന്ധ്യയ്ക്കുള്ള ബര്‍ത്തുറപ്പിച്ച് കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയുണ്ടാകുമെന്നും സൂചനയുണ്ട്. ബിജെപി കുടുംബത്തില്‍ ഒരു സ്ഥാനം തന്നതിന് നന്ദിയുണ്ടെന്നും രാജ്യസേവനത്തിന് ഇന്ന് ഏറ്റവും നല്ല ഇടം ബിജെപിയാണ്. മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമാണ്. കോണ്‍ഗ്രസ് ഇന്ന് പഴയ പോലല്ല. ഒരിക്കലും ഇനി പഴയ പോലെയാവുകയുമില്ലെന്നും ഗതകാലസ്മരണയില്‍ ഇപ്പോഴത്തെ തകര്‍ച്ച തിരിച്ചറിയാതെ തുടരുകയാണ് കോണ്‍ഗ്രസ്. അഴിമതിക്കൂടാരമാണ് മധ്യപ്രദേശ് സര്‍ക്കാറെന്നും കര്‍ഷകപ്രശ്‌നങ്ങളോ അഴിമതിയോ ഒന്നും തടയാനാകാത്ത വിധം അഴിമതിയുടെ കൂടായി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറി എന്ന് ജ്യോതിരാദിത്യ സന്ധ്യ പറഞ്ഞു.
പ്രസ്താവന അവസാനിച്ചതും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയെങ്കിലും എല്ലാ ചോദ്യങ്ങളും ഒഴിവാക്കി സിന്ധ്യ മടങ്ങി.
അതേസമയം രാജമാതാ സാഹെബ് ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍, ദേശത്തെ ഒന്നാമത് നിര്‍ത്തിയുള്ള നിന്റെ തീരുമാനത്തില്‍ അതീവസന്തോഷവതിയായേനെ. നിന്റെ വ്യക്തിത്വത്തിന്റെ ശക്തിയിലും ധൈര്യത്തിലും എനിക്ക് സന്തോഷമുണ്ട്. ഒരേ സംഘത്തില്‍ ജോലി ചെയ്യാനായതിലും സന്തോഷമെന്ന് ജ്യോതിരാദിത്യയുടെ അച്ഛന്‍ മാധവറാവു സിന്ധ്യയുടെ സഹോദരി വസുന്ധരാജെ സിന്ധ്യ തന്റെ മരുമകനെ പാര്‍ട്ടിയിലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.
Post Your Comments