തൃശ്ശൂർ : ഡോ ഷിനു ശ്യാമളനെതിരെ കേസെടുത്തു. കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തൃശ്ശൂര്‍ ഡിഎംഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാടാനപ്പള്ളി പൊലീസ് ഷിനുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി ഐപിസി 505 , കെപി ആക്ട് 120 ( ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഡോ ഷിനു ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്ന വിമർശനവുമായി നേരത്തെ ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. കോവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും വേണ്ട നടപടി കൈക്കൊണ്ടില്ല എന്ന് ഷിനു ശ്യാമളൻ ആരോപിച്ചിരുന്നു. എന്നാല്‍, രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസിന്റെ പ്രതികരണം.
Also read : കൊറോണ: മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി
ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തി കൊവിഡ് രോഗലക്ഷണങ്ങളോടെ സ്വകാര്യ ക്ലിനിക്കിലെത്തിയെന്നാണ് ഷിനു ശ്യാമളൻ പറഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. എന്നാല്‍, അന്ന് തന്നെ തുടര്‍നടപടികളുണ്ടായില്ലെന്നും ഈ വ്യക്തി അടുത്ത ദിവസം രാവിലെ ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതോടെ കൊവിഡ് രോഗലക്ഷണമുള്ള വ്യക്തിയെ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന ആരോപണവുമായി ഷിനു തന്നെ രംഗത്തെത്തി. ഇത് വലിയ ചര്‍ച്ചയായതോടെയാണ് സാഹചര്യത്തിലാണ് ഷിനുവിനെതിരെ തൃശ്ശൂര്‍ ഡിഎംഒ പരാതി നല്‍കിയത്.
Post Your Comments