തിരുവനന്തപുരം: കേരളത്തിൽ 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജയിലുകളിൽ ഐസൊലേഷൻ മുറികൾ ഒരുക്കാൻ നിർദേശം നൽകി. ജയിൽ ഡിജിപി ഋഷിരാജ് സിങ്ങാണ് സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകളിൽ ഐസോലേഷൻ മുറികൾ തയ്യാറാക്കാൻ നിർദേശം നൽകിയത്.
ജയിലുകളിലേക്കെത്തുന്ന പുതിയ തടവുകാരെ ആറു ദിവസം അഡ്മിഷൻ ബ്‌ളോക്കിൽ പ്രത്യേകം താമസിപ്പിക്കാനും ഋഷിരാജ് സിങ്ങിന്‍റെ സർക്കുലറിൽ നിർദ്ദേശമുണ്ട്. ജയിലുകളിൽ ആരോഗ്യ ഉദ്യോഗസ്ഥരുടെ സന്ദർശനം കർശനമാക്കുകയും ചെയ്തു. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള തടവുകാരെയാണ് ഐസൊലേഷൻ മുറികളിലേക്ക് മാറ്റുക.
തടവുകാരെ കാണാനെത്തുന്ന സന്ദർശകരുടെ കാര്യത്തിൽ ശ്രദ്ധപുലർത്താനും നിർദേശമുണ്ട്. ജയിൽ മെഡിക്കൽ ഓഫീസറോ ഹെൽത്ത് വിസിറ്ററോ എല്ലാ ദിവസവും ഒ പിയ്ക്കു ശേഷം അഡ്മിഷൻ ബ്‌ളോക്കിലെ തടവുകാരെ സന്ദർശിക്കും. പരോളിനു ശേഷം എത്തുന്ന തടവുകാരെയും അഡ്മിഷൻ ബ്‌ളോക്കിൽ പ്രത്യേകം പാർപ്പിക്കും. കൃത്യമായ നിരീക്ഷണത്തിന് ശേഷമാകും ഇവരെയും മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റുക.
ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത തടവുകാരേയും മറ്റു ജയിലുകളിലേക്ക് അയയ്ക്കുന്നവരെയും പകൽ മാത്രം മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. ഉദ്യോഗസഥരുടെ യോഗങ്ങളിലും ജാഗ്രത പാലിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ഒരു ബ്‌ളോക്കിലെ തടവുകാരനെ മറ്റൊരു ബ്‌ളോക്കിലേക്ക് പോകാനും അനുവദിക്കില്ല.
ALSO READ: ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ ഏറ്റവും പുതിയ കണക്ക് പുറത്ത്
ജയിലുകളിലെ വാട്ടർ ടാങ്കുകളും കിണറുകളും ക്‌ളോറിനേറ്റ് ചെയ്യാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിൽ നിന്ന് ചികിത്സയ്ക്കായി തടവുകാരെ നേരിട്ട് മെഡിക്കൽ കോളേജിലേക്ക് അയയ്ക്കാതെ റഫറൽ യൂണിറ്റ് ആശുപത്രിയിലേക്ക് ആദ്യം അയയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments