Latest NewsKeralaNews

കോവിഡ് 19: മടങ്ങിവരുന്ന ഇനിയൊരാളില്‍ നിന്നും പകരരുത്- മടങ്ങി എത്തിയവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും കോവിഡ് 19 രോഗം പകരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയും പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായും ഒഴിവാക്കുകയും വേണം. സംശയങ്ങള്‍ക്ക് ദിശ നമ്പരിലേക്കോ കോവിഡ് 19 കോള്‍ സെന്ററിലേക്കോ വിളിക്കാവുന്നതാണ്. രോഗ ലക്ഷണം പ്രകടമാകുന്നവര്‍ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ അറിയിച്ച് പ്രത്യേകം വാഹത്തില്‍ എത്തേണ്ടതാണ്.

വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കി വായൂ സഞ്ചാരമുള്ള മുറിയില്‍ കഴിയേണ്ടതാണ്. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.

ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്, തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. ഒരു കാരണവശാലും പൊതുസ്ഥലത്ത് തുപ്പരുത്. സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക. വീട്ടില്‍ ഉള്ള മറ്റ് കുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക. നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റേയും സൂപ്രണ്ടിന്റേയും ഐസോലേഷന്‍ സംവിധാനത്തിന്റേയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം, നിര്‍ദ്ദിഷ്ട വ്യക്തിയും കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം.

കോവിഡ് 19 കോള്‍ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശയിലെ 2552056 എന്ന നമ്പരിലേക്കോ വിളിച്ചാല്‍ വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button