പത്തനംതിട്ട: വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നിര്‍ദേശം കിട്ടിയില്ലെന്ന ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ വാദം പൊളിച്ചടുക്കി സഹയാത്രികന്‍. ഇവരോടൊപ്പം യാത്ര ചെയ്ത ശേഷം ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ജേക്കബ് റോഡ്രിഗസ് ആണ് ഇവരുടെ വാദം തെറ്റാണെന്ന് പറഞ്ഞത്. എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും വിമാനത്താവളത്തില്‍ തന്നെ നല്‍കിയിരുന്നതായി ഇദേഹം വ്യക്തമാക്കി. കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം നേരത്തെ പത്തനംതിട്ട ജില്ലാ കലക്ടറും തള്ളിയിരുന്നു.
മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തിലോ നാട്ടില്‍ എത്തിയ ശേഷമോ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ യുവാവ് പറഞ്ഞത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വയം കാറോടിച്ച് ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്നും യുവാവ് പറഞ്ഞിരുന്നു. എന്നാല്‍ രോഗം ലക്ഷണം മറച്ച് വച്ചിരുന്നില്ല എന്ന വാദമാണ് കളക്ടര്‍ പൊളിച്ചടുക്കിയത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോളോ വാങ്ങിയിരുന്നുവെന്നും ഇത് കണ്ടെത്തി ആരോഗ്യ വകുപ്പ് രണ്ടാമതും ബന്ധപ്പെട്ടപ്പോഴാണ് രോഗലക്ഷണങ്ങളുണ്ടെന്ന് കുടുംബം സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
29 ന് കൊച്ചി വിമാനമിറങ്ങി അടുത്ത ആറിന് തൊട്ടടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിന് രോഗ ബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. അതേസമയം, ആരോഗ്യ പ്രവര്‍ത്തകരുമായി പൂര്‍ണ്ണമായും സഹകരിച്ചെന്നാണ് രോഗം സ്ഥിരീകരിച്ച കുടുംബം പറയുന്നത്.
Post Your Comments