കോട്ടയം : സമ്പന്നകുടുംബത്തില്‍ മരുമകളായെത്തിയ യുവതിയും ഭര്‍തൃസഹോദരിയും തമ്മിലുള്ള പോര് പോക്‌സോ കേസായി, കോടതികയറി. പ്രശസ്‌തനായ ഒരു മുന്‍ന്യായാധിപനാണ് ഈ സംഭവം വിവരിച്ചത്. ആരോപണം കൈവിട്ടുപോകുമെന്ന അവസ്‌ഥയില്‍ ഒത്തുതീര്‍പ്പിന് ഉപദേശം തേടിയത് ഇദ്ദേഹത്തോടായിരുന്നു.പോര് കൊടുമ്പിരിക്കൊണ്ടു നില്‍ക്കേയാണു യുവതിയുടെ ഭര്‍ത്താവിന് അമേരിക്കന്‍ യാത്രയ്‌ക്കു വഴിയൊരുങ്ങിയത്. തയാറെടുപ്പുകള്‍ക്കിടെ ഒരു പോലീസുകാരന്‍ വീട്ടിലെത്തി, സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു.
കാര്യമറിയാത്തതിനാല്‍ ഒരു പ്രാദേശികനേതാവിനെയും കൂട്ടിയാണു ചെന്നത്. പരാതി കേട്ടപ്പോഴേ സപ്‌തനാഡികളും തളര്‍ന്നുപോയി. ഭാര്യാസഹോദരന്റെ പത്തുവയസുകാരിയായ മകളെ ഉപദ്രവിച്ചത്രേ. സംഭവം പോക്‌സോ കേസാണ്. യു.എസിലേക്കു വിമാനം കയറേണ്ടയാള്‍ ലോക്കപ്പിലായി.
ആകെ നാണക്കേടായതോടെ കുടുംബക്കാരെല്ലാം ചേര്‍ന്നാണു മുന്‍ന്യായാധിപന്റെ ഉപദേശം തേടിയത്. തുടര്‍ന്ന്, കോടതിയിലെത്തിയപ്പോള്‍ പെണ്‍കുട്ടിക്കോ മാതാപിതാക്കള്‍ക്കോ പരാതിയില്ല. തെളിവില്ലാതെ, കേസ് വെറുതേവിട്ടെങ്കിലും യുവാവിന്റെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ അപ്പോഴേക്കും പൊലിഞ്ഞിരുന്നു.
കോട്ടയം ജില്ലയിലെതന്നെ സമാനമായ മറ്റൊരു കേസും മുന്‍ന്യായാധിപന്‍ ചൂണ്ടിക്കാട്ടി. മാതാവ് മരിച്ച അഞ്ചുവയസുകാരിയെ അച്‌ഛനൊപ്പംവിട്ട കീഴ്‌ക്കോടതി വിധിക്കെതിരേ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയുടെ സംരക്ഷണാവകാശം കിട്ടണമെന്നാണ് ആവശ്യം. അച്‌ഛന്‍ മദ്യപാനിയാണെന്നും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നുമായിരുന്നു ആരോപണം. തുടരന്വേഷണത്തില്‍, പരാതി വ്യാജമാണെന്നു കണ്ടെത്തിയെങ്കിലും യുവാവിനു നാണക്കേടുമൂലം നാടുവിടേണ്ടിവന്നു.
Post Your Comments