ആറ്റുകാൽ പൊങ്കാലക്ക് മുൻപ് പങ്കെടുക്കുന്നവർക്കും വോളന്റിയേഴ്‌സിനും ആവശ്യമായ നിർദേശങ്ങൾ നൽകി ഡോ. ഷിംന അസീസ്. ഫേസ്ബുക്കിലൂടെയാണ് ഡോക്ടർ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലക്ക് ഏറെ സന്നദ്ധസംഘടനകൾ വൊളന്റിയർ ചെയ്യാറുണ്ടെന്ന് കേട്ടു. ഓരോ ഇരുനൂറ് മീറ്ററിലും അത്തരം സഹായികൾ ഉണ്ടാകും എന്നാണറിഞ്ഞത്. ഇക്കുറി ആ നന്മകളുടെ കൂട്ടത്തിൽ ഉള്ളവർക്ക് പൊങ്കാലക്കലം നിറഞ്ഞ് തൂവുന്ന നേരം കൊണ്ട് അവിടെ നേർച്ചയിടാൻ വന്നവരുടെ പേരും അഡ്രസും എഴുതിയെടുത്തൂടേ? അവർ നിന്ന ഓർഡർ അടക്കം ഒരു കൊച്ചു ചിത്രമായി പേപ്പറിന് സൈഡിൽ മാർക്ക് ചെയ്യുക കൂടി ചെയ്‌താൽ നല്ലൊരു ഡാറ്റ ബേസ് ആകുമെന്നും അവർ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ആറ്റുകാൽ പൊങ്കാലക്ക് ഏറെ സന്നദ്ധസംഘടനകൾ വൊളന്റിയർ ചെയ്യാറുണ്ടെന്ന് കേട്ടു. ഓരോ ഇരുനൂറ് മീറ്ററിലും അത്തരം സഹായികൾ ഉണ്ടാകും എന്നാണറിഞ്ഞത്. റസിഡന്റ് അസോസിയേഷനുകളും ഏറെ നല്ല പ്രവർത്തനങ്ങൾ ചെയ്യാറുണ്ടത്രേ… നല്ലത്.
ഇക്കുറി ആ നന്മകളുടെ കൂട്ടത്തിൽ ഉള്ളവർക്ക് പൊങ്കാലക്കലം നിറഞ്ഞ് തൂവുന്ന നേരം കൊണ്ട് അവിടെ നേർച്ചയിടാൻ വന്നവരുടെ പേരും അഡ്രസും എഴുതിയെടുത്തൂടേ? അവർ നിന്ന ഓർഡർ അടക്കം ഒരു കൊച്ചു ചിത്രമായി പേപ്പറിന് സൈഡിൽ മാർക്ക് ചെയ്യുക കൂടി ചെയ്‌താൽ നല്ലൊരു ഡാറ്റ ബേസ് ആകും. അത് അവിടുത്തെ ആരോഗ്യപ്രവർത്തകർക്ക് കൈമാറാം. ആർക്കും അസുഖം വരാതിരിക്കട്ടെ. എന്നാലും വന്നാൽ കോണ്ടാക്‌ട് ട്രേസിംഗ് നടക്കുമല്ലോ. ഒന്നാലോചിച്ച് കൂടേ?
കൂടെ കുറച്ച് നിർദ്ദേശങ്ങൾ കൂടി.
*പനി, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം, ശ്വാസതടസം തുടങ്ങിയവ ഉള്ളവർ പൊങ്കാലയിൽ നിന്ന് മാറി നിൽക്കുക.
* സർജിക്കൽ മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുക. ധരിച്ച ശേഷം മാസ്‌കിലോ മുഖത്തോ തൊടാതിരിക്കുക.
*കൈ തൊട്ടോ കെട്ടിപ്പിടിച്ചോ സൗഹൃദം പങ്ക് വെക്കരുത്.
*കൈ ഇടക്കിടെ സോപ്പിട്ട് കഴുകാനുള്ള സംവിധാനങ്ങൾ കുറച്ച് പേർ ചേർന്ന് ചെയ്യുക. ഇടക്കിടെ കൈ കഴുകുക. ഒരു കാരണവശാലും ഹാന്റ് സാനിറ്റൈസറുകൾ കൊണ്ട് പോകരുത്. അവയിൽ ആൽക്കഹോൾ ഉള്ളതിനാൽ തീ പിടിത്തം സംഭവിച്ചേക്കാം.
*എത്രയും പെട്ടെന്ന് തന്നെ ചടങ്ങ് തീർത്ത് ഇറങ്ങുക. ദർശനവും പ്രാർത്‌ഥനയുമെല്ലാം ഇനിയുമാവാമല്ലോ.
*പൊതുവാഹനങ്ങളിൽ തിക്കിതിരക്കുന്ന അവസ്‌ഥ ഒഴിവാക്കാൻ ശ്രമിക്കുക. രോഗം പടരാൻ ഇതിലും മികച്ച മറ്റൊരിടമില്ല.
*സാധിക്കുമെങ്കിൽ ഈ വർഷം പൊങ്കാലയിൽ നിന്ന് വിട്ട് നിൽക്കാം. അല്ലെങ്കിൽ മേൽ പറഞ്ഞതെല്ലാം ആവുംവിധം ശ്രദ്ധിക്കാം.
ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അത് തന്നെയാണ് പലവുരു ഓർമ്മിപ്പിക്കുന്നതും.
Post Your Comments