KeralaLatest NewsNews

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിക്കൂടി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ പോവുകയും ചെയ്ത നേതൃത്വമാണ് ബിജെപിയുടേത് ; സന്ദീപ് വാര്യര്‍

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ കുറിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഒരു മാധ്യമ സ്ഥാപനത്തെയും ഭാരതീയ ജനതാ പാര്‍ട്ടി ശത്രുവായി കാണുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിക്കൂടി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ പോവുകയും ചെയ്ത നേതൃത്വമാണ് ബിജെപിയുടേതെന്ന് അദ്ദേഹമ പറഞ്ഞു.

മാധ്യമ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് രാജ്യത്ത് മത സംഘര്‍ഷത്തിന് ആക്കം കൂട്ടുന്ന രീതിയില്‍, സമൂഹത്തെ ഭിന്നിപ്പിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നത് ഈ രാജ്യത്തോട് ചെയ്യുന്ന അനീതിയാണ്. മലയാളത്തിലെ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കൈക്കൊണ്ട നടപടി സ്ഥായിയായ ഒന്നല്ല. അത് ഒരു മുന്നറിയിപ്പ് കൊടുക്കല്‍ മാത്രമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഒരു മാധ്യമ സ്ഥാപനത്തെയും ഭാരതീയ ജനതാ പാര്‍ട്ടി ശത്രുവായി കാണുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിക്കൂടി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ പോവുകയും ചെയ്ത നേതൃത്വമാണ് ബിജെപിയുടേത്.

അടിയന്തരാവസ്ഥക്കാലത്ത് , ഭരണകൂടം കുനിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോഴേക്കും മാധ്യമങ്ങള്‍ മുട്ടിലിഴഞ്ഞു എന്ന അഭിപ്രായമാണ് അദ്വാനിജിക്ക് ഉണ്ടായിരുന്നത്. നിഷ്പക്ഷമായും സത്യസന്ധമായും ഭയരഹിതമായും റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം എല്ലാ മാധ്യമങ്ങള്‍ക്കും ഉണ്ടാകേണ്ടതാണ്. ഭരിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കേണ്ട ബാധ്യത ഒന്നും മാധ്യമങ്ങള്‍ക്ക് ഇല്ല. എന്നാല്‍ രാജ്യ താല്‍പര്യവും സമൂഹ താല്‍പര്യവും സംരക്ഷിക്കേണ്ട ബാധ്യത, രാജ്യത്തെ നിയമം അനുസരിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ട് എന്ന കാര്യവും വിസ്മരിക്കരുത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍, യുദ്ധം എന്നിവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ രാജ്യ താല്പര്യം , സമൂഹ താല്‍പര്യം എന്നിവ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സമൂഹത്തില്‍ അശാന്തി പടരാതിരിക്കാന്‍ മതവിഭാഗങ്ങളുടെ പേര് ഒഴിവാക്കുന്നതാണ് സാധാരണ പതിവ്. അതാണ് മര്യാദ. എന്നാല്‍ മാധ്യമ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് രാജ്യത്ത് മത സംഘര്‍ഷത്തിന് ആക്കം കൂട്ടുന്ന രീതിയില്‍, സമൂഹത്തെ ഭിന്നിപ്പിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നത് ഈ രാജ്യത്തോട് ചെയ്യുന്ന അനീതിയാണ്.

മലയാളത്തിലെ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കൈക്കൊണ്ട നടപടി സ്ഥായിയായ ഒന്നല്ല. അത് ഒരു മുന്നറിയിപ്പ് കൊടുക്കല്‍ മാത്രമാണ്. അതിനെ പോസിറ്റീവ് ആയി എടുത്തു കൊണ്ട് ഇനിയുള്ള കാലത്ത് ഇത്തരം സെന്‍സിറ്റീവ് ആയ സന്ദര്‍ഭങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സമൂഹത്തില്‍ അശാന്തി പടര്‍ത്താതെ സത്യസന്ധമായും നിഷ്പക്ഷമായും പ്രക്ഷേപണം നടത്തണമെന്ന് മാധ്യമ സ്ഥാപനങ്ങള്‍ തീരുമാനിക്കേണ്ടതല്ലേ? അതല്ലേ ഈ നാടിനു നല്ലത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button