ഹൈദരാബാദ്: വെറ്റിനറി വനിതാ ഡോക്ടറ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയുടെ ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചു. കേസിലെ രണ്ടാം പ്രതിയായ ചെന്നകേശവുലുവിന്റെ ഭാര്യയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. നാരായൺപേട്ട് ജില്ലയിലെ മക്തൽ മണ്ഡലമായ ഗുഡിഗണ്ട്ല ഗ്രാമമാണ് ചെന്നകേശവലുവുന്റെ സ്വദേശം. ദിശ സംഭവം നടക്കുന്ന സമയം ചെന്നകേശവുലുവിന്റെ ഭാര്യ ഗർഭിണിയായിരുന്നു.
ചെന്നകേശവുലുവിന്റെ ഭാര്യ രേണുക മെഹബൂബ് നഗറിലെ സർക്കാർ ആശുപത്രിയിലാണ് പ്രസവിച്ചത്. കുട്ടി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.നവംബർ 27നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഷംഷാബാദിനടുത്തുള്ള തോഡപ്പള്ളി ടോൾ പ്ലാസയിലാണ് മൃഗഡോക്ടറായ 26കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഈ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
രണ്ട് ദിവസത്തിന് ശേഷം നാരായണ പേട്ടിൽനിന്ന് കേസിലെ പ്രതികളായ ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചെന്നകേശവുലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കേസ് അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനുകൊണ്ടുവന്ന പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ പൊലീസ് നാലുപേരെയും വെടിവെച്ചുകൊന്നു.ഡിസംബർ ആറിനാണ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്ക്കരിക്കുന്നതിനിടെ പ്രതികൾ പൊലീസിന്റെ കൈവശമിരുന്ന തോക്ക് തട്ടിപ്പറിച്ച് വെടിയുതിർക്കുകയായിരുന്നു.
പൊലീസ് നടപടിക്കെതിരെ കുടുംബാംഗങ്ങൾ പരാതി നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്യുകയും വെടിയേറ്റ് മരിച്ച നാലുപ്രതികളുടെയും ശവസംസ്കാരം 17 ദിവസം വൈകുകയും ചെയ്തു. നാല് പ്രതികളുടെ സംസ്കാരം ഡിസംബർ 23 നാണ് നടന്നത്.
Post Your Comments