കണ്ണൂര്‍: വ്യാജപരാതി നല്‍കി കേരളാ മണ്‍സൂണ്‍ ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് തന്റെയാണെന്നും പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ ജീവനക്കാരനായ പി.എം. അജിതന്‍ സമ്മാനം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും പരാതി നല്‍കിയ കോഴിക്കോട് സ്വദേശി മുനിയനാണ് അറസ്‌റ്റിലായത്. പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ ജീവനക്കാരനായ അജിതന് 2019 ജൂലൈ 18 നു നറുക്കെടുത്ത എം.ഇ. 174253 നമ്പര്‍ മണ്‍സൂണ്‍ ബംബറിന്റെ ഒന്നാം സമ്മാനമടിച്ചതിനെത്തുടര്‍ന്നാണ് മുനിയന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുവന്നത്. അജിതന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഏല്‍പ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കനറാ ബാങ്കിന്റെ പുതിയതെരു ശാഖയില്‍ പണം എത്തിയിരുന്നു.
ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ താമസക്കാരനുമായ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയന്റെ രംഗപ്രവേശം. എല്ലാ മാസവും മുത്തപ്പദര്‍ശനത്തിനെത്താറുള്ള താന്‍ ജൂണ്‍ 16 പറശിനിക്കടവില്‍നിന്നാണ് ടിക്കറ്റെടുത്തതെന്നും ജൂണ്‍ 26 ന് വീണ്ടും പറശിനിക്കടവിലെത്തിയപ്പോള്‍ ടിക്കറ്റുള്ള പഴ്‌സ് നഷ്‌ടമായെന്നുമായിരുന്നു പരാതി. ടിക്കറ്റിനു പുറകില്‍ പേരെഴുതിയതായും പറഞ്ഞിരുന്നു. പോലീസും ലോട്ടറി വകുപ്പും നടത്തിയ ശാസ്‌ത്രീയ അനേ്വഷണത്തില്‍ മുനിയന്റെ പരാതി തട്ടിപ്പാണെന്നും സമ്മര്‍ദ്ദതന്ത്രത്തിലൂടെ സമ്മാനര്‍ഹരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ലോട്ടറി മാഫിയയുടെ കണ്ണിയാണ് ഇയാളെന്നും വ്യക്‌തമായി.
ലോട്ടറി മാഫിയയുടെ ഏജന്റായി പ്രവര്‍ത്തിച്ച് സമ്മാനമടിച്ചവര്‍ക്കെതിരേ പരാതി നല്‍കുകയും പിന്നീട് ഒത്തുതീര്‍പ്പാക്കി വന്‍തുക കൈക്കലാക്കുകയുമാണ് രീതി. കാലതാമസമില്ലാതെ സമ്മാനത്തുക ലഭിക്കാനും പരാതി പിന്‍വലിപ്പിക്കാനും സമ്മാനാര്‍ഹര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട തുക നല്‍കി കേസൊതുക്കുകയാണ് പതിവ്. തിങ്കളാഴ്‌ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് പോലീസ് മുനിയനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. വ്യാജപരാതി നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചതിന് മുനിയനെതിരേ കേസെടുത്തു. അജിതന്റെ അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കുമെന്നും ലോട്ടറി ടിക്കറ്റിന്റെ യഥാര്‍ഥ ഉടമ അദ്ദേഹം തന്നെയാണെന്നും തളിപ്പറമ്പ് സി.ഐ: എന്‍.കെ. സത്യനാഥന്‍ വ്യക്‌തമാക്കി.
Post Your Comments