കാബൂള്‍: കാബൂളില്‍ റാലിയ്ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സംഘടനയുടെ വെബ്സൈറ്റിലൂടെയാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ ഹസാര ഷിയകളുടെ നേതാവായ അബ്ദുള്‍ അലി മസാരിയുടെ അനുസ്മരണ ചടങ്ങിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.
കാബൂളിലുണ്ടായ ആക്രമണത്തില്‍ 32 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. 60ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളില്‍ പലരും പങ്കെടുത്ത ചടങ്ങിന് നേരെയാണ് ആക്രമണമുണ്ടായത്. നേതാക്കള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആക്രമണം ഉണ്ടായത്. തലനാരിഴയ്ക്കാണ് അബ്ദുള്ള അബ്ദുള്ള രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും ഇതേ ചടങ്ങിനു നേരെ സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു. അന്നും ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ആക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെടുകയും 180ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments