KeralaLatest NewsIndia

പുതിയ ഹർജിയുമായി സരിത നായർ ഹൈക്കോടതിയില്‍, സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. 2013ല്‍ ചാലക്കുടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ടീം സോളാര്‍ റീന്യൂവബിള്‍ എനര്‍ജി സൊലുഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ചതിനാണ് സരിതയ്ക്ക് എതിരെ ചാലക്കുടി പൊലീസില്‍ കേസുള്ളത്. സരിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.

നേരത്തെ, കേസില്‍ കുറ്റവിമുക്തയാക്കണം എന്നാവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ഭാരതി തള്ളിയിരുന്നു.സരിത എസ് നായരും, ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് ഡോ. ആര്‍ ബി നായര്‍, ലക്ഷ്മി എസ് നായര്‍ എന്ന വ്യാജപേരില്‍ വിസിറ്റിങ് കാര്‍ഡുകളും മറ്റും അച്ചടിച്ച്‌ വന്‍പ്രചാരണം നല്‍കിയാണ് സൗരോര്‍ജ പാനല്‍, ബയോ ഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് സ്ഥാപനമാരംഭിച്ചത്. പരസ്യത്തില്‍ ആകൃഷ്ടനായി ചാലക്കുടിയിലെ പോള്‍ വിന്‍സെന്റ് ഇവരെ സമീപിച്ചു.

സൗരോര്‍ജപാനലും, ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുന്നതിന് 3,81, 500 രൂപ ചെക്ക് മുഖേനെ നല്‍കി. പ്രതികള്‍ പിറ്റേന്നു തന്നെ ചെക്ക് മാറ്റി തുക കൈപ്പറ്റി. ഒരു മാസത്തിനകം സ്ഥാപിച്ചു നല്‍കാമെന്നു പറഞ്ഞാണ് തുക കൈപ്പറ്റിയതെങ്കിലും, യാതൊരു പ്രവര്‍ത്തനവും നടത്താതെ വന്നതിനെത്തുടര്‍ന്നാണ് പോള്‍ വിന്‍സെന്റ് പരാതിയുമായി മുന്നോട്ടുപോയത്. കേസില്‍ തനിക്കെതിരെ ആരോപണങ്ങളില്ലെന്നും ബിജുരാധാകൃഷ്ണനാണ് ആരോപണവിധേയനെന്നും, തന്നെ കുറ്റവിമുക്തയാക്കണമെന്നും ആവശ്യപ്പെട്ട് സരിതാ എസ് നായര്‍ ചാലക്കുടി ജുഢീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ത്രേട്ട് കോടതി മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു.

ഇത് നേരത്തെ തള്ളി. ഇതിനെതിരെയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി ബോധിപ്പിച്ചത്. ഇതും തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button