കോവളത്തെ ടൂറിസം വകുപ്പിന്റെ കുടിവെള്ള പദ്ധതിയുടെയും സണ്‍ബാത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് എത്തിച്ചേരുന്ന വിനോദ സഞ്ചാരികള്‍ക്കും, തദ്ദേശവാസികള്‍ക്കും കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 15 കോടി രൂപയുടെ ‘വാട്ടര്‍ സപ്ലൈ സ്‌കീം ടൂ കോവളം’ പദ്ധതി നടപ്പിലാക്കിയത്. വിനോദ സഞ്ചാര വകുപ്പില്‍ നിന്നും 14 കോടി രൂപയും, തിരുവനന്തപുരം കോര്‍പ്പറേഷന്റെ വകയായി 1 കോടി രൂപയുമാണ് പദ്ധതിക്കായി ഉപയോഗിച്ചത്. പദ്ധതിക്കാവശ്യമായ ശുദ്ധജലത്തിനായി വെള്ളായണി കായലിന്റെ ജലശേഖരത്തെയാണ് ആശ്രയിക്കുന്നത്.
വെള്ളായണി കായലില്‍ നിന്നുള്ള ജലം ശുദ്ധീകരിച്ചു കോവളം ടൂറിസം മേഖലയില്‍ എത്തിച്ച് വിതരണം ചെയ്യത്തക്ക വിധത്തിലാണ് മേല്‍ പദ്ധതി നടപ്പാക്കിയത്. വിഴിഞ്ഞം മുനിസിപ്പാലിറ്റിയുടെയും, കല്ലിയൂര്‍ വെങ്ങാനൂര്‍ പഞ്ചായത്തുകളുടെയും ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ കുടിവെള്ള വിതരണ പദ്ധതി. പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ടേക്ക് വെല്‍, പമ്പ് ഹൗസ്, വെള്ളായണി കായലിനടുത്ത് അഗ്രികള്‍ച്ചറല്‍ കോളേജ് കാമ്പസില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റി മുഖേനയാണ് ഇത് പൂര്‍ത്തീകരിച്ചത്.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ബീച്ച് ടൂറിസത്തിന്റെ ഭാഗമായി എത്തിച്ചേരുന്ന വിനോദ സഞ്ചാരികളുടെ സ്വകാര്യത ഉറപ്പ് വരുത്താനും അവര്‍ക്ക് കോവളത്തിന്റെ സൗന്ദര്യം നുകരുന്നതിനും ലക്ഷ്യമിട്ടാണ് സണ്‍ബാത്ത് പദ്ധതി തയാറാക്കിയിരിക്കുന്നത്. സംസ്ഥാന പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ 30 വര്‍ഷത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തിലാണ് 4.68 കോടി രൂപ ചിലവില്‍ സൈലന്റ് വാലി സണ്‍ബാത്ത് പാര്‍ക്ക് പദ്ധതി രൂപീകരിച്ചത്. കോവളത്ത് വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍ വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്ക് ഒരുങ്ങി കഴിഞ്ഞു. നാശോന്മുഖമായി കിടന്ന വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് ഈ മാസം 15നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.
Post Your Comments