കൊച്ചി: എറണാകുളം ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 39ാമത് കൊറമാണ്ടല്‍ സിമന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കാക്കനാട് രാജഗിരി കോളെജ് ഗ്രൗണ്ടില്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20 പ്രമുഖ ടീമുകളിലായി സംസ്ഥാനത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് ഫൈനല്‍സ് മാര്‍ച്ച് 15ന് നടക്കും. എറണാകുളത്തെ എല്ലാ എ ഡിവിഷന്‍ ക്ലബുകളും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള മുത്തൂറ്റ് യമഹ എം.സി.സി, ആര്‍ജീസ് ആര്‍.സി, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഇലവന്‍, ഉല്‍ഭവ് അര്‍ത്രേയ ക്രിക്കറ്റ് അക്കാദമി തൃശൂര്‍, ഫാല്‍ക്കന്‍ സിസി കോഴിക്കോട്, ജോളി റോവേഴ്‌സ് പെരിന്തല്‍മണ്ണ എന്നിവരാണ് പ്രമുഖ ടീമുകള്‍. ഇന്ത്യന്‍ സിമന്റ്‌സ് ലിമിറ്റഡാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. എറണാകുളം ക്രിക്കറ്റ് ക്ലബ് അംഗവും മുന്‍ ക്യാപ്റ്റനുമായ ഡി രജനികാന്ത് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ എലീറ്റ് പദവി ലഭിച്ച കൊറമാണ്ടല്‍ സിമന്റ് ടൂര്‍ണമെന്റ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നു വരുന്നത്. അന്താരാഷ്ട്ര ഏകദിന മാച്ചുകളുടെ നിയമാവലി അനുസരിച്ചാണ് മാച്ചുകള്‍. 14 ടീമുകള്‍ മത്സരിക്കുന്ന നോക്കൗട്ട് റൗണ്ടില്‍ രണ്ടു ടീമുകള്‍ അടുത്ത റൗണ്ടിലേക്കു യോഗ്യത നേടും. ഈ രണ്ടു ടീമുകള്‍ക്കു പുറമെ രണ്ടാം റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയ നാലു ടീമുകളും തമ്മിലാണ് ഈ റൗണ്ടില്‍ മത്സരിക്കുക. ഓരോ ടീമിനും മൂന്ന് മാച്ചുകള്‍ വീതം ഉണ്ടായിരിക്കും. മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന നാലു ടീമുകള്‍ തമ്മിലായിരിക്കും അവസാന പോരാട്ടം.
Post Your Comments