ഹൈദരാബാദ്•ഹൈദരാബാദിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബഹ്‌റൈൻ പൗരനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 60 കാരനെതിരെ ബലാത്സംഗം, വഞ്ചന, തടങ്കലില്‍ വയ്ക്കല്‍, കടത്ത് എന്നിവയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 417, 420, 343, 370, 376 (2), 109 r / w 34 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ഇയാള്‍ക്ക് പുറമേ ബ്രോക്കർക്കും ഭാര്യയ്ക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൂവരെയും വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 25 ന് ബ്രോക്കർ ഇരയെയും സഹോദരിയെയും വിളിച്ച് അവരുടെ വീട് വിൽപ്പനയെക്കുറിച്ച് ചർച്ച ചെയ്തു. ബ്രോക്കറുടെ വീട്ടിലെത്തിയപ്പോൾ, രണ്ട് സ്ത്രീകള്‍ ബഹ്‌റൈൻ പൗരനെ പരിചയപ്പെടുത്തി, തുടർന്ന് മൂത്ത സഹോദരിയെ വിവാഹം കഴിക്കാൻ അദ്ദേഹം താല്പര്യം അറിയിച്ചു. മൂത്ത സഹോദരി ഈ വാഗ്ദാനം നിരസിച്ചതിനെത്തുടർന്ന്, ഇളയ സഹോദരിയെ വിവാഹം കഴിക്കാൻ അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു.
അതേ ദിവസം വൈകുന്നേരം അനുജത്തിയെ കാണാതായതായി പരാതിക്കാരി പോലീസിനോട് പറഞ്ഞു. ഫെബ്രുവരി 29 ന് പരാതിക്കാരിയും കുടുംബവും ബ്രോക്കറെയും ഭാര്യയെയും സന്ദർശിച്ച് സഹോദരിയെക്കുറിച്ച് അന്വേഷിച്ച് പ്രതിയുടെ വിലാസം കണ്ടെത്തി.
‘എന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോയി അറബ് ഷെയ്ക്കിന് വില്‍ക്കുകയായിരുന്നു. അതിനുശേഷം ഇയാൾ അവളെ ബലാത്സംഗം ചെയ്യുകയും സിഗരറ്റ് ഉപയോഗിച്ച് അവളുടെ കാൽ പൊള്ളിക്കുകയും ചെയ്തു, ”- പരാതിക്കാരി പോലീസിനോട് പറഞ്ഞു.
കേസ് കരാർ വിവാഹവുമായി ബന്ധപ്പെട്ടതാണെന്നാണ് മനസിലാക്കുന്നതെന്നും ബഹ്‌റൈൻ പൗരൻ, ബ്രോക്കർ, ഭാര്യ എന്നിവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും പ്രതികൾ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments