Latest NewsKeralaNews

സെന്‍സസിനോട് സഹകരിക്കണം, വ്യക്തി വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ശൈലേന്ദ്ര അക്കായി; ആദ്യ ഡിജിറ്റല്‍ സെന്‍സസ്, വിവരശേഖരണം മൊബൈല്‍ ആപ്പ് വഴി

കാസര്‍ഗോഡ്‌•ഭാരത സെന്‍സസിനെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യാതൊരു കാരണവശാലും സെന്‍സസിലൂടെ ശേഖരിച്ച വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടില്ലെന്നും സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശൈലേന്ദ്ര അക്കായി പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ചാര്‍ജ് ഓഫീസര്‍മാര്‍ക്കും റഗുലര്‍ അസിസ്റ്റന്റ് മാര്‍ക്കുമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സസ് ചരിത്രത്തില്‍ ആദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കും. കൂടാതെ സെന്‍സസിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാനായി വെബ് പോര്‍ട്ടലും ഉപയോഗിക്കും. അതിനാല്‍ ഭാരതത്തിലെ സെന്‍സസ് ചരിത്രത്തില്‍ ആദ്യ ഡിജിറ്റല്‍ സെന്‍സസ് എന്ന വിശേഷണമാണ് സെന്‍സസ് 2021 നു നല്‍കിയിരിക്കുന്നത്. സെന്‍സസിനു വേണ്ടി നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യാത്മകമായിരിക്കും. അതിനാല്‍ ജനങ്ങള്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കുന്ന എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുകയും സെന്‍സസിനോട് പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്യണമെന്നും സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. സെന്‍സസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും നടപടിയെടുക്കും. രണ്ടു ഘട്ടങ്ങളിലായാണ് സെന്‍സസ് രാജ്യത്ത് നടക്കുന്നത്. ആദ്യഘട്ടം മെയ് ഒന്നിന് ആരംഭിച്ച് 30 ന് പൂര്‍ത്തിയാകും. വീട് പട്ടിക തയ്യാറാക്കലും വീടുകളുടെ കണക്കെടുക്കലുമാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹ്യ നിലവാരം അളക്കുന്ന 31 ചോദ്യങ്ങള്‍ മാത്രമാണ് ഒന്നാംഘട്ട സെന്‍സസിലുള്ളത്. ഈ ചോദ്യങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ടത്തിലാണ് വ്യക്തിവിരങ്ങള്‍ ശേഖരിക്കുക. 2021 ഫെബ്രുവരി ഒമ്പത് മുതല്‍ 28 വരെയാണ് രണ്ടാംഘട്ടം. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ റിവിഷണല്‍ റൗണ്ടിനുള്ള സമയമാണ്. 2021 ഡിസംബര്‍ 31 നകം സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്നത്.

സെന്‍സസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി പഴയ മാതൃകയില്‍ പേപ്പറിലുള്ള വിവരശേഖരണവും ഉണ്ടാകും. എങ്കിലും പരമാവധി വിവരശേഖരണം മൊബൈലില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് എന്യൂമനേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം. ഇതിനു പുറമെ ഓ.ടി.പി. വഴി ജനങ്ങള്‍ക്ക് നേരിട്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള രീതിയും പരിഗണനയിലുണ്ട്. 650 മുതല്‍ 800 വരെ കുടുംബങ്ങള്‍ എന്ന രീതിയിലാണ് ഓരോ എന്യൂമനേറ്റര്‍മാര്‍ക്കും എന്യുമറേഷന്‍ ബ്ലോക്ക് നിശ്ചയിക്കുന്നത്. വിവരശേഖരണം കൃത്യമായി ചെയ്തു കഴിഞ്ഞാല്‍ എന്യൂമനേറ്റര്‍മാര്‍ക്കുള്ള പ്രതിഫലതുക അകൗണ്ടിലേക്ക് എത്തുകയും ചെയ്യുമെന്നും സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, എ.ഡി.എം എന്‍ ദേവി ദാസ്, ഡി.ഡി.ഇ കെ വി പുഷ്പ, ഡി ഡി പി രജികുമാര്‍ ആര്‍.ഡി.ഒ കെ രവികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തഹസില്‍ദാര്‍മാര്‍, സെന്‍സസ് ക്ലര്‍ക്കുമാര്‍ എന്നിവര്‍ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button