കൊച്ചി: ആഭ്യന്തര ജ്വല്ലറി മേഖലയുടെ ഉന്നത സംഘടനയായ ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജി.ജെ.സി) ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ജ്വല്ലറി അവാര്‍ഡിന്റെ (എന്‍ജെഎ) 9ാം പതിപ്പില്‍ ദക്ഷിണേന്ത്യക്കായുളള സിംഗിള്‍ സ്റ്റോര്‍ വിഭാഗത്തില്‍ മലബാര്‍ ഗോള്‍ഡ് ‘എക്‌സലന്‍സ് ആന്‍ഡ് സ്റ്റോര്‍’ അവാര്‍ഡ് നേടി. സിഎസ്ആര്‍ വിഭാഗത്തിലും മലബാര്‍ ഗോള്‍ഡ് അവാര്‍ഡ് നേടി.
ദേശീയ ജ്വല്ലറി അവാര്‍ഡിന്റെ (എന്‍ജെഎ) ഒമ്പതാം പതിപ്പിനോടനുബന്ധിച്ചു എട്ടു വിഭാഗത്തിലായി 35 അവാര്‍ഡുകളാണ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്നുള്ള പിബി സൊസൈറ്റി ജ്വല്ലേഴ്‌സിലെ മഹേഷ് ജെയിനിന് അന്‍മോല്‍ രത്‌ന അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ടു. ജെ ഓഫ് ദി ഈയര്‍ അവാര്‍ഡുകള്‍ക്ക് ഡല്‍ഹിയിലെ ഭോല സണ്‍സ് ജ്വല്ലേഴ്‌സിലെ സുഭാഷ് ഭോലയും (നോര്‍ത്ത്), പൂനയിലെ ചന്ദുകാക സരഫിലെ അതുല്‍ ജെ. ഷായും (വെസ്റ്റ്), കൊല്‍ക്കൊത്തയിലെ നെമിചന്ദ് ബാമല്‍വാ ആന്‍ഡ് സണ്‍സിലെ മദന്‍ലാല്‍ ബാമല്‍വായും (ഈസ്റ്റ്), സേലത്തെ എഎന്‍എസ് ജ്വല്ലറി ഉടമ എഎസ് ശ്രീറാം (സൗത്ത്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
വനിതാ സംരംഭക അവാര്‍ഡ് അമൃത്‌സറിലെ ഖുരാന ജ്വല്ലേഴ്‌സിലെ പ്രേരണ ഖുരാനയ്ക്കാണ്. സഞ്ജിഹ് ഡേയ്ക്കാണ് ഡിസൈനര്‍ അവാര്‍ഡ്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജെമോളജിയിലെ 10 വിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷം രൂപ വീതമുള്ള 10 സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹത നേടി.
മുംബൈയില്‍ നടന്ന ചടങ്ങില്‍ നടന്‍ ശരദ് കേല്‍ക്കറും നടി ഇഷ ഗുപ്തയും അവാര്‍ഡുകള്‍ സമ്മാനിച്ചു. നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചില്ലറ വില്‍പ്പനശാലകള്‍, വിതരണക്കാര്‍, ലബോറട്ടറി, ജമോളജിസ്റ്റ്, ഡിസൈനര്‍മാര്‍ തുടങ്ങി ജെം ആന്‍ഡ് ജ്വല്ലറി മേഖലയില്‍ ആറു ലക്ഷത്തിലധികം സംരംഭകരെ പ്രതിനിധീകരിക്കുന്നതാണ് ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍. കൗണ്‍സില്‍ ആരംഭിച്ചിട്ട് 14 വര്‍ഷം പൂര്‍ത്തിയാക്കി.
Post Your Comments