ന്യൂയോര്‍ക്ക്: മോഡലുകളും അവര്‍ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ് സാധാരണ ഫാഷന്‍ ഷോകളില്‍ ശ്രദ്ധാ കേന്ദ്രമാകുന്നതും ചര്‍ച്ചയാകുന്നതും. അത്തരത്തില്‍ നടന്ന ഒരു ഫാഷന്‍ ഷോ ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ ഷോയാണ് വിവാദത്തിലായിരിക്കുന്നത്. സംഭവം എന്താന്ന് അല്ലേ, ഗ്ലാമര്‍ വേദിയില്‍ വികൃതരൂപത്തിലാണ് മോഡലുകളുടെ എന്‍ട്രി. ഇത് പോരെ പ്രശ്‌നം ഗുരുതരമാകാന്‍.
ഇവര്‍ വേദിയില്‍ മോഡലുകളെ അവതരിപ്പിച്ചത് കുരങ്ങ് ചെവിയും മലര്‍ന്ന ചുണ്ടും വലിയ വെപ്പു പുരികങ്ങളുമൊക്കയായാണ്. ശരീരത്തിന്റെ വിരൂപമായ മുഖഭാവങ്ങളെ വരച്ചിടുകയായിരുന്നു ഇതിലൂടെ ലക്ഷ്യമെന്ന് ഡിസൈനര്‍ പറയുന്നു. പക്ഷേ എന്നാല്‍ സംഭവം കൈവിട്ട് പോയി. അഫ്രിക്കന്‍-അമേരിക്കന്‍ മോഡല്‍ എമി ലെഫെവര്‍ ഇത്തരം ആക്‌സസറികള്‍ അണിയാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയും വംശീയാധിക്ഷേപമാണിതെന്നും കുറ്റപ്പെടുത്തി.
തുടര്‍ന്ന് ഫാഷന്‍ ഷോയില്‍ കുരങ്ങ് ചെവിയും മലര്‍ന്ന ചുണ്ടും വലിയ വെപ്പു പുരികങ്ങളും ഇല്ലാതെ ഡിസൈനര്‍ വസ്ത്രം മാത്രം ധരിച്ചാണ് എമി റാംപിലെത്തിയത്. സംഭവം പുറത്തായതോടെ കോളേജ് അധികൃതര്‍ പെട്ടു. ആഫ്രിക്കന്‍ വിഭാഗക്കാര്‍ക്ക് നേരെയുള്ള കടുത്ത വംശീയ അധിക്ഷേപമായിരുന്നു ഫാഷന്‍ ഷോയെന്ന വിമര്‍ശനവുമായി പലരും രംഗത്തെത്തി. പ്രശ്‌നം ഗുരുതരമാണെന്ന് മനസിലായതോടെ കോളജ് അധികൃതര്‍ ക്ഷമാപണവുമായി രംഗത്തെത്തി. ആ ഫാഷന്‍ ആക്സസറീസ് യഥാര്‍ത്ഥത്തില്‍ വംശീയ അധിക്ഷേപം ഉദ്ദേശിച്ചുള്ളവയല്ലെന്നും എന്നാല്‍ അങ്ങനെയാണ് വിലയിരുത്തപ്പെട്ടതെന്നും ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിഡന്റ് ജോയ്സ് എഫ്. ബ്രൗണ്‍ പറഞ്ഞു.
വിവാദങ്ങളില്‍ നിന്ന് തടിയൂരാന്‍ ഷോയുടെ ചുമതലയിലുണ്ടായിരുന്ന രണ്ടു അധ്യാപകരെ സസ്‌പെന്റ് ചെയ്യുകയും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments