കണ്ണൂര്‍: പൊയിലൂര്‍ ശ്രീമുത്തപ്പന്‍ മടപ്പുര ഭണ്ഡാരക്കവര്‍ച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി നെട്ടൂര്‍ വലിയത്ത് സുമേഷിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട് ബി.ജെ.പി. നേതൃത്വം. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസുവാണു കവര്‍ച്ച ആസൂത്രണം ചെയ്‌തതെന്നും ക്വട്ടേഷന്‍ നല്‍കിയതെന്നും സുമേഷ് വെളിപ്പെടുത്തുന്ന വീഡിയോയാണു പൊയിലൂരില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ ബി.ജെ.പി. പുറത്തുവിട്ടത്.ഭണ്ഡാരക്കവര്‍ച്ചയ്‌ക്കു പ്രതിഫലമായി ആറുലക്ഷം രൂപയായിരുന്നു വാഗ്‌ദാനം. ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന നേതാവാണു വാസു.
ക്ഷേത്രഭരണം സംബന്ധിച്ചു ദേവസ്വം ബോര്‍ഡും പാനോളി തറവാട്ടുകാരും തമ്മില്‍ കേസ് നടക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി 19-നു പുലര്‍ച്ചെയാണ് മടപ്പുര ഭണ്ഡാരവും സമീപത്തെ മഹാദേവക്ഷേത്ര ഭണ്ഡാരവും കവര്‍ച്ച ചെയ്യപ്പെട്ടത്.തെളിവുകള്‍ നല്‍കിയിട്ടും കൊളവല്ലൂര്‍ പോലീസ് വാസുവിനെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു വീഡിയോ പരസ്യമാക്കിയതെന്നു ബി.ജെ.പി. വ്യക്‌തമാക്കി. ചോദ്യംചെയ്യലില്‍ വാസുവിനെതിരേ സുമേഷ് മൊഴിനല്‍കിയിട്ടും കൊളവല്ലൂര്‍ സി.ഐ. ലതീഷും എസ്.ഐ. ഷാജുവും കേസ് അട്ടിമറിച്ചെന്നാണ് ആരോപണം.
ബന്ധുക്കളോടും സുമേഷ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്‌ഥാനത്തുനിന്നു വാസുവിനെ പുറത്താക്കണമെന്നു ബി.ജെ.പി. ആവശ്യപ്പെട്ടു. അറസ്‌റ്റിലായ വിപിന്‍ എന്ന സി.പി.എം. പ്രവര്‍ത്തകനു വാസുവാണു ക്വട്ടേഷന്‍ നല്‍കിയതെന്നു വീഡിയോയില്‍ പറയുന്നു. പൊയിലൂര്‍ മടപ്പുരയെ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെത്തിക്കാന്‍ ഒ.കെ. വാസു, സി.പി.എം. വിളക്കോട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി രാജന്‍, പാര്‍ട്ടി പ്രവര്‍ത്തകരായ ശ്രീജേഷ്, കൂട്ടായി രാജീവന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണു കവര്‍ച്ചയെന്നാണ് ആരോപണം.
എന്നാൽ കവര്‍ച്ചയ്‌ക്കു പിന്നില്‍ ബി.ജെ.പി, ആര്‍.എസ്.എസ്. നേതൃത്വമാണെന്നു വാസു പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഏറെ ആളുകളെത്തുന്ന പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര കൈപ്പിടിയിലൊതുക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും വാസു ആരോപിച്ചു. അന്വേഷണം കവര്‍ച്ചയുടെ ആസൂത്രകരിലേക്കു പോയില്ലെങ്കില്‍ തെളിവുകള്‍ സഹിതം കോടതിയെ സമീപിക്കുമെന്നു ശ്രീമുത്തപ്പന്‍ സേവാസമിതി വ്യക്‌തമാക്കി.
Post Your Comments