Latest NewsNewsIndia

ഡല്‍ഹി കലാപത്തെക്കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുമ്പോള്‍: ലോകനേതാവായ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയും തലസ്ഥാനനഗരിയും കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെ ആവശ്യമായിരിക്കും?

അഞ്ജു പാര്‍വതി പ്രഭീഷ്

“സത്യമെവിടെ സൗന്ദര്യമെവിടെ ?
സ്വാതന്ത്ര്യമെവിടെ നമ്മുടെ
രക്ത ബന്ധങ്ങളെവിടെ ?
നിത്യ സ്നേഹങ്ങളെവിടെ ?
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ?
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു!

1984നു ശേഷം വീണ്ടുമൊരു രക്ത കലുഷിതമായ കലാപത്തിലേയ്ക്ക് ഡൽഹിയെ തള്ളിവിട്ടതാരെന്നുളള വാദപ്രതിവാദങ്ങളാണ് രാജ്യമെങ്ങും മുഴങ്ങിക്കേൾക്കുന്നത്. അതിന്റെ അലയൊലികൾ ഇവിടെ കേരളത്തിലും ശക്തമാണ്. കേരളത്തിലെ മുൻനിര വാർത്താമാധ്യമങ്ങളും ചാനലുകളും നിഷ്പക്ഷമായ പത്രധർമ്മങ്ങളിൽ നിന്നും വൃതിചലിച്ചുക്കൊണ്ട് തീർത്തും പക്ഷപാതപരമായ രീതിയിലാണ് വാർത്തകളും റിപ്പോർട്ടുകളും ജനങ്ങളിലെത്തിക്കുന്നത് .തികച്ചും അവാസ്തികമായ കലാപവാർത്തകളെത്തിക്കുന്നതിൽ ഏഷ്യാനെറ്റ് പതിവുപ്പോലെ മുന്നിലാണ്. ആരാണ് യഥാർത്ഥത്തിൽ ഇങ്ങനൊരു കലാപം അഴിച്ചുവിട്ടതെന്ന ഉറവിടത്തിലേയ്ക്ക് എത്തിച്ചേരാതെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ വാർത്തകളെത്തിക്കുന്നതിലും ഒരു മതവിഭാഗം മാത്രമാണ് അതിനുത്തരവാദിയെന്ന തരത്തിലും വാർത്തകളെത്തിക്കുന്ന പത്രമാദ്ധ്യമങ്ങൾ ഇവിടെ ഈ കൊച്ചുകേരളത്തിലും ഒരു കലാപത്തിനുള്ള കോപ്പുകൂട്ടുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്. അവരും നമ്മളും കാതിനുള്ളിലേക്ക് ചേർത്തുവയ്ക്കേണ്ട,വരികൾക്കിടയിലൂടെ സഞ്ചരിക്കേണ്ടതായ ഗാനശകലമാണ് മുകളിൽ ഉദ്ധരിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിൽ എത്തുമ്പോൾ തലസ്ഥാനത്തു കലാപം  അഴിച്ചു വിടാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമായിട്ടാണ് വടക്കു കിഴക്കൻ ഡൽഹിയിൽ പൊടുന്നനെ പൗരത്വ നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധവും അതിനെ പിൻതുടർന്നെത്തിയ കലാപവുമെന്ന് മനസ്സിലാക്കാൻ സാമാന്യബോധം മാത്രം മതി.നമസ്തേ ട്രംപ് എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ചൊരു സ്വീകരണപരിപാടി ഒരുക്കിയ കേന്ദ്രസർക്കാർ ഇത്തരത്തിലൊരു കലാപത്തിനു ഒത്താശ ചെയ്യുമെന്ന് രാഷ്ട്രീയബോധമുള്ള ഒരാളും വിലയിരുത്തില്ല.ലോകനേതാവായ ട്രംപ് സന്ദർശിക്കുന്ന ഇന്ത്യയെ ഉറ്റുനോക്കുന്ന ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയും തലസ്ഥാനവും കലാപഭൂമിയാണെന്ന് വരുത്തിതീർക്കേണ്ടത് ആരുടെ ആവശ്യമായിരിക്കും?

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിയ്ക്കുന്ന  സ്ത്രീകളും കുട്ടികളും അടങ്ങുന്ന   ജനക്കൂട്ടം  ഫെബ്രുവരി 22  നു ജാഫറാബാദ് മെട്രോ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ട്രാഫിക് താറുമാറായതോടെ പൗരത്വ നിയമത്തെ അനുകൂലിയ്ക്കുന്നവർ മറുഭാഗത്തും സംഘടിച്ചു  പ്രദേശം മറ്റൊരു ഷഹീൻ ബാഗ് ആകാൻ  അനുവദിയ്ക്കില്ലെന്ന മുദ്രാവാക്യവുമായി തടിച്ചു കൂടിയ ആൾക്കൂട്ടത്തിനു നേരെ കെട്ടിടങ്ങളുടെ മുകളിൽ നിന്നും മറ്റും ആളുകൾ കല്ലെറിയുന്നത് ടെലിവിഷൻ ക്യാമറകൾ പകർത്തുന്നുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്രമാധ്യമങ്ങളും ഇത് വാർത്തയാക്കിയെങ്കിലും കേരളത്തിലെ മാമാമാധ്യമങ്ങൾ ഇത് കണ്ടില്ലെന്നു നടിച്ചു.

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ഡൽഹി-നോയ്‌ഡ റൂട്ടിൽ റോഡ് ഉപരോധിച്ച് സ്ത്രീകളും കുട്ടികളും നടത്തുന്ന സമര പരിപാടിക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.പ്രതിഷേധത്തിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ജീവിയ്കാനുള്ള അവകാശവും തടയരുതെന്നു സുപ്രീം കോടതി നേരത്തെ തന്നെ പ്രതിഷേധക്കാർക്കു മുന്നറിയിപ്പ് നൽകിയിരുന്നതാണ് . പൊതു റോഡുകളിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി മറ്റുള്ളവർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള പ്രതിഷേധങ്ങൾ അനുവദിക്കാനാവില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നിലവിൽ ഒരു നിയമമുണ്ട്. അതേച്ചൊല്ലി ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലാണ്. എന്നിട്ടും ചിലർ അതിനെതിരെ സമരം ചെയ്യുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ട്. എന്നാൽ  പൊതുറോഡുകൾ നിങ്ങൾക്ക് ഉപരോധിക്കാനാവില്ല. ഇത്തരം ഒരു പ്രദേശത്ത് അനിശ്ചിത കാലം ഉപരോധ സമരം ചെയ്യാനാവില്ല. സമരം ചെയ്യണമെങ്കിൽ അതിനുവേണ്ടി മാറ്റിവച്ച സ്ഥലം തിരഞ്ഞെടുക്കണം, എസ് എ കൗളും കെ എം ജോസഫും ഉൾപ്പെട്ട രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടതിങ്ങനെയാണ്.

കഴിഞ്ഞ രണ്ടു  മാസത്തിലധികമായി സമരം തുടരുന്ന  ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ കോടതി മധ്യസ്ഥരെ നിയോഗിച്ചിരുന്നു . ഡൽഹി തെരഞ്ഞെടുപ്പിനിടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സംഭവമാണ് ഷഹീൻ ബാഗ് പ്രതിഷേധം . പ്രതിഷേധത്തിന് സാമ്പത്തിക സഹായമുൾപ്പെടെ നൽകുന്നത് പോപ്പുലർ ഫ്രണ്ട് ആണെന്നതിനു അന്ന് തെളിവുകൾ പുറത്തു വന്നിരുന്നു . പ്രതിഷേധക്കാർക്കുള്ള സാമ്പത്തിക സഹായത്തിന്റെ ഉറവിടം എൻഫോഴ്‌സ്‌മെന്റ് അന്വേഷിച്ചു വരികയാണ് .

 

ഷഹീൻ  ബാഗ് പ്രതിഷേധം കോടതിയിലെത്തിയതോടെ ആണ് വടക്കു കിഴക്കൻ ഡൽഹിയിലേക്കു പ്രതിഷേധം മാറിയതെന്ന്  വേണം അനുമാനിക്കാൻ.അനധികൃത കോളനികളും അനധികൃത കുടിയേറ്റക്കാരും   നിറഞ്ഞ ഈ മേഖലയിൽ കലാപത്തിന് തിരി കൊടുക്കാൻ കൂടുതൽ എളുപ്പമാണ്. കലാപബാധിത പ്രദേശങ്ങളെല്ലാം തന്നെ മുസ്ലീംഭൂരിഭാഗ പ്രദേശങ്ങളുമാണ്.

ഡൽഹി കലാപം തികച്ചും ആസൂത്രിതമാണ്. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കാൻ വേണ്ടി മാത്രം കരുതികൂട്ടി ഒരുക്കിയ ഒരു കലാപം.ഡൽഹിക്കു പുറത്തുനിന്നുള്ളവരാണ് കലാപകാരികളെന്നു ഡൽഹി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അഭിപ്രായപ്പെട്ടിരുന്നു.ഷാഹിൻബാദ് പ്രക്ഷോഭത്തിന്റെ മറപ്പിടിച്ച് തീവവാദസംഘങ്ങൾ ഡൽഹിയിൽ കുറേ ദിവസങ്ങളായി തമ്പടിച്ചിരുന്നു.അവിടെ നടന്ന ദേശവിരുദ്ധ പ്രസംഗങ്ങൾ പലതും സോഷ്യൽ മീഡിയകളിലൂടെയും ദേശീയമാധ്യമങ്ങളിലൂടെയും വിവാദങ്ങളാവുകയും ചെയ്തതാണ്.

ഡൽഹി അക്രമസംഭവങ്ങളിലൂൾപ്പെട്ട രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തർപ്രദേശിൽ നിന്നുള്ള ഇവരുടെ കൂട്ടാളികളും നീരീക്ഷണത്തിലെന്ന് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. നാലു ദിവസമായി ഡൽഹിയിൽ തുടരുന്ന അക്രമങ്ങളിൽ കലാപകാരികൾ 500 റൗണ്ടിനു മുകളിൽ വെടിയുതിർത്തിട്ടുണ്ടെന്നാണു വിലയിരുത്തൽ. അക്രമികൾക്കു വലിയ തോതിൽ തോക്കും വെടിയുണ്ടയുമെല്ലാം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.അക്രമം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ച വാട്‌സാപ് ഗ്രൂപ്പുകളും നിരീക്ഷണത്തിലുണ്ട്. എന്നാൽ പരിശോധനകളിൽ നിന്നു രക്ഷപെടാൻ പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു സംഘം പ്രവർത്തിക്കുന്നതെന്നാണു വിലയിരുത്തൽ. വീടുകളുടെ മുകൾ ഭാഗം, ബാൽക്കണികൾ എന്നിവിടങ്ങളിൽ സൂക്ഷിച്ച കല്ലുകളും നാടൻ ബോംബുകളും പൊലീസ് കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.എന്നാൽ ഇതേക്കുറിച്ചെല്ലാം കേരളത്തിലെ മാധ്യമങ്ങൾ നിശബ്ദരാണ്.ജഡ്ജിയുടെ സ്ഥലംമാറ്റത്തിൽ പോലും കലാപകാരണം കൊണ്ടുവന്ന് കോടതിയുടെ വിശ്വാസൃതയെ പ്പോലും ചോദ്യംച്ചെയ്യുന്ന രീതിയിൽ വാർത്തകളുണ്ടാക്കുന്നു. 2018 ൽ പറ്റ്നയിൽ കത്തിച്ച പള്ളിയുടെയും കലാപത്തിരയായ ഒരു സമുദായത്തിൽപ്പെട്ട ആളുകളുടെ ദു:ഖാകുലമായ റിപ്പോർട്ടിങ്ങിലും സജീവമായി നിന്നുക്കൊണ്ട് ഇവിടെ ഒരു മാറാട് സൃഷ്ടിക്കാനുള്ള ഒരുക്കത്തിൽ നില്ക്കുന്ന മാധ്യമകൂലിയെഴുത്തുകാർ വയലാറിന്റെ വരികൾക്കിടയിലൂടെ ഒരിക്കൽകൂടി സഞ്ചരിക്കണം.

പൗരത്വ  നിയമം പാസ്സായിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും രാഷ്ട്രീയ സാമുദായിക മുതലെടുപ്പിനായി പല വിധ പ്രതിഷേധങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ അരങ്ങേറുന്നുണ്ട് . പാർലമെന്റിന്റെ ഇരു സഭകളും ഭൂരിപക്ഷ വോട്ടോടെ പാസ്സാക്കിയ നിയമത്തിനെതിരെ നടക്കുന്ന അനാവശ്യ സമരങ്ങൾ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് തന്നെ വെല്ലുവിളിയാകുന്ന അവസ്ഥയാണുള്ളത്. പ്രസ്തുത  നിയമവും ഇന്ത്യൻ പൗരന്മാരുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര സർക്കാരും പ്രധാനമന്ത്രീയും  ആവർത്തിച്ചിട്ടും പ്രതിഷേധക്കാർക്കു മനസ്സിലാകുന്നില്ലയെന്നതല്ല മനസ്സിലാക്കാത്തതായി നടിക്കുന്നതിനു പിന്നിലാണ് ഗൂഢലക്ഷ്യമുള്ളത്. ആ ഗൂഢതന്ത്രത്തിനു എരിത്തീയിൽ എണ്ണപ്പകരുന്നു മൂന്നാംകിട മാധ്യമങ്ങളും രാഷ്ട്രീയതിമിരം ബാധിച്ച പടുജന്മങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button