ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്ക് ജാമ്യം. കേസ് അന്വേഷിച്ച എന്‍ഐഎ പ്രതിക്കെതിരെ നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാലാണ് പ്രതിയായ യൂസഫ് ചോപ്പാനെ ജാമ്യത്തില്‍ വിട്ടത്.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസാണ് യൂസഫ് ചോപ്പനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ മതിയായ തെളിവ് വേണ്ടതിനാലാണ് കുറ്റപത്രം നല്കാന് വൈകിയതെന്നാണ് എന്‍ഐഎ വിശദീകരണം. 2019 ഫെബ്രുവരി 14 ന് ആണ് 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടത്.
2019 ഫെബ്രുവരി 14 ന് ആണ് കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം 40 പേര്‍ക്ക് ജീവന് നഷ്ടമായത്. അവധി കഴിഞ്ഞു മടങ്ങുന്ന 2547 ജവാന്മാര് 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്പോരയില്‍ എത്തിയപ്പോഴാണ് 100 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച് ചാവേര്‍ ഭീകരന് ഓടിച്ച് വന്ന കാറില്‍ ആക്രമണം ഉണ്ടായത്.
ചാവേറായി കാര്‍ ഓടിച്ചത് പുല്‍വാമ കാകപോറ സ്വദേശി തന്നെയായ ആദില്‍ അഹമ്മദായിരുന്നു. പിന്നീട് ജയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആദിലിന്റെ വീഡിയോയും ജയ്ഷെ മുഹമ്മദ് പുറത്ത് വിട്ടു. ചാവേറായ ജയ്ഷെ മുഹമ്മദ് ഭീകരന് ആദില്‍ അഹമ്മദ് തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ജയ്ഷെ-ഇ-മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന് ആണെന്ന് തുടര്‍ന്ന് കണ്ടെത്തി. മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കശ്മീര്‍ താഴ്വരയില് ജയ്ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട മുദാസിര്‍ ജയ്ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ഇയാള്‍ക്ക് 23 വയസ് മാത്രമാണുണ്ടായിരുന്നത്. 2017 മുതല്‍ ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ ജയ്ഷെയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നതായായി കണ്ടെത്തി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.
പിന്നീട് പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. അസറിന്റെ ബന്ധു ഉസ്മാനെ ഒക്ടോബറില്‍ ത്രാലില്‍ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസര്‍ സന്ദേശം അയച്ചതെന്നും കണ്ടെത്തി.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.
Post Your Comments