
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനം സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് ഗാന്ധിസ്മൃതിയിലേക്കു നടത്തിയ ശാന്തിയാത്രയ്ക്കുശേഷം സംസാരിക്കുകയായിരുന്നു പ്രിയങ്ക.
‘രാജ്യതലസ്ഥാനത്ത് സമാധാനം കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെയും ആഭ്യന്തര മന്ത്രിയുടെയും ചുമതലയാണ്. അവരതില്‍ പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ വീടുവരെ യാത്ര നടത്താനാണ് ഞങ്ങളാഗ്രഹിച്ചത്. എന്നാല്‍, പോലീസ് തടഞ്ഞു’ -പ്രിയങ്ക പറഞ്ഞു.ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് പ്രിയങ്കയും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജോലിതേടി ഒട്ടേറെപ്പേരെത്തുന്ന ഡല്‍ഹിയെ സര്‍ക്കാര്‍ നശിപ്പിച്ചതായി പ്രിയങ്ക കുറ്റപ്പെടുത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ അവര്‍ എല്ലാവരോടും ആഹ്വാനം ചെയ്തു.സമാധാനത്തിന് ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന രണ്ടുദിവസം മുമ്പ് വന്നിരുന്നെങ്കില്‍ വിലപ്പെട്ട 20 ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Post Your Comments