കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍, ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിതിന് കൂടി പങ്കുണ്ടെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. നിതിന്റെ അറസ്റ്റിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത് വളരെ കരുതലോടെയാണ്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കാന്‍ ശരണ്യ നടത്തിയ നാടകം കണ്ട പൊലീസ് കരുതലോടെയാണ് മുന്നോട്ട് പോയത്.
നേരത്തെ തന്നെ നിതിനെതിരെ ശരണ്യ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശരണ്യ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ ശരണ്യയുടെ മൊഴി തീര്‍ത്തും തള്ളിക്കളയാനും അന്വേഷണ സംഘം തയ്യാറായിരുന്നില്ല. ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിതിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നിതിന് പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം സാഹചര്യ തെളിവുകളുടെ കൂടി പിന്തുണയോടെ ബലപ്പെട്ടു. ഇതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
കൊലപാതകത്തിന്റെ പ്രേരണക്കുറ്റമാണ് നിതിനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ ശരണ്യ കൊല്ലുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടില്‍ പോയിരുന്നുവെന്ന് നിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതിന് പുറമെ ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിതിന്‍ തന്ത്രപരമായി കൈക്കലാക്കി. ശരണ്യയെക്കൊണ്ട് ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്റെ രേഖകള്‍ നിതിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments