കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ശരണ്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് വിളിപ്പച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
ശരണ്യ വാരം സ്വദേശിയായ കാമുകനുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റുകളാണ് പ്രണയബന്ധത്തെ കുറിച്ച് സൂചനകള്‍ പൊലീസിന് നല്‍കിയത്. ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.
ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
ഭര്‍ത്താവാണ് വിയാനെ കൊന്നതെന്ന് ശരണ്യ പോലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞത്. ശാസ്ത്രീയ തെളിവുകള്‍ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.
Post Your Comments