കാൺപുർ: സ്കൂൾ വളപ്പിലേക്ക് പുലി ഓടിക്കയറി നായയെ കടിച്ചു കീറുന്നതു കണ്ട ഞെട്ടലിലാണ് വിദ്യാർത്ഥികൾ. ഉത്തർപ്രദേശിലെ കീരത്ത്പുർ ഗ്രാമത്തിലാണ് സംഭവം. സ്കൂൾ വളപ്പിലേക്ക് ഓടിക്കയറിയ പുലി ആദ്യം കണ്ട നായയെ കടിച്ചു കീറി. സമീപത്തുണ്ടായിരുന്ന കുട്ടികൾ രക്ഷപെട്ടത് അത്ഭുതകരമായാണ്.
പിലിഫിട്ട് കടുവാ സങ്കേതത്തിൽപ്പെടുന്ന ബരാഹി വനത്തിന് സമീപത്താണ് കീരത്ത്പുർ ഗ്രാമം. ഇവിടെനിന്നാണ് പുലി സ്കൂളിനുള്ളിലേക്ക് വന്നത്. ബുധനാഴ്ച ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന കുട്ടികൾ ഓടി ക്ലാസുമുറിയിൽ കയറി വാതിൽ അടച്ചതുകൊണ്ട് മാത്രമാണ് പുലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപെട്ടത്.
പുലി വീണ്ടും സ്കൂളിലേക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്രിൻസിപ്പൽ വിവരം വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ സമീപ പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കുട്ടികളെ സ്കൂളിലേക്ക് തനിച്ച് വിടരുതെന്ന് രക്ഷകർത്താക്കൾക്ക് ഗ്രാമമുഖ്യൻ രഞ്ജിത്ത് സിങ് നിർദ്ദേശം നൽകി. സംഭവത്തെത്തുടർന്ന് ഇന്നുമുതൽ സ്കൂളിൽ വനംവകുപ്പ് വാച്ചർമാരുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments