KeralaLatest NewsNews

ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു; നഴ്‌സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ച ശേഷം ആശുപത്രിയിൽ എത്തിച്ചു

പുനലൂര്‍: ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക്‌ വരുംവഴിയാണ് യുവതി റോഡരികിലുള്ള വീട്ടുമുറ്റത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിവാസിയായ സുജിത(23)യാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സുജിതയ്ക്ക് പ്രസവവേദന തുടങ്ങിയത്. വിവരമറിഞ്ഞ് ഭര്‍ത്താവ് അനന്തുവും ബന്ധുക്കളും പ്രൊമോട്ടര്‍ കെ.ശൈലജയും ചേര്‍ന്ന് ജീപ്പില്‍ ചെങ്കോട്ടവഴി ആശുപത്രിയിലേക്ക്‌ പുറപ്പെട്ടു. പള്ളിവാസലില്‍ എത്തിയപ്പോഴേക്കും വേദന കലശലായി. സുജിതയുടെ ആവശ്യപ്രകാരം ജീപ്പില്‍നിന്ന്‌ പുറത്തിറക്കി തൊട്ടടുത്ത് ബന്ധുവീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിക്കുമ്ബോഴാണ് വീട്ടുമുറ്റത്ത് പ്രസവിച്ചത്.

അതിനുശേഷം അച്ചന്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന്‌ നഴ്‌സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ച്‌ പ്രാഥമിക പരിചരണവും നല്‍കിയശേഷം താലൂക്ക് ആശുപത്രിയിലേക്ക്‌ കൊണ്ടുവരികയായിരുന്നു.
സുജിതയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യപ്രസവം വീട്ടിലായിരുന്നു. അന്ന് പിറന്ന പെണ്‍കുട്ടിക്ക്‌ മൂന്നുവയസ്സുണ്ട്.

ALSO READ: കോഴിക്കോട് 24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

അച്ചന്‍കോവിലില്‍നിന്നുള്ള ആദിവാസി പെണ്‍കുട്ടികള്‍ യാത്രാമധ്യേ പ്രസവിച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. രണ്ടരമണിക്കൂറിലേറെ യാത്രചെയ്താലേ പുനലൂരില്‍ എത്താനാകൂ. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുത്ത് അച്ചന്‍കോവിലിനുവേണ്ടി ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button