Latest NewsNewsIndia

രാഹുൽ ഗാന്ധിക്കെതിരെ കോൺഗ്രസ്സ് പാളയത്തിനുള്ളിൽ പടയോട്ടം തുടങ്ങിയോ ?നേതാവിന്റെ അപക്വമായ അഭിപ്രായ പ്രകടനങ്ങൾ ഉന്നത നേതാക്കളെ അസ്വസ്ഥമാക്കുന്നുവോ ?

രാഹുൽ ഗാന്ധിയെക്കൊണ്ട്  ബിജെപിക്കും മറ്റ് എതിരാളികൾക്കുമിടയിൽ പ്രതിപക്ഷത്തിന് ചേർന്ന വിധത്തിലുള്ള പ്രതിരോധം തീർക്കാൻ  കഴിയുന്നില്ലെന്ന ബോധം ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്.

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിൽ നിലവിൽ വലിയരീതിയിലുള്ള  ആശയ-അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് നിലവിൽ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ഇത് കണ്ണുമടച്ച് ശരിവയ്ക്കുന്നുണ്ട് ഭൂരിഭാഗം കോൺഗ്രസ്സ് നേതാക്കളും പ്രതിപക്ഷവും .അതിന്റെ പ്രതിഫലനമാണ് പാർട്ടി ദേശീയ അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി വീണ്ടും വരുന്നതിൽ പാർട്ടിക്കുള്ളിലെ ഒരു വലിയ വിഭാഗത്തിന്റെ എതിർപ്പ് . നിർണായകഘട്ടങ്ങളിൽ പലപ്പോഴും സോണിയ എന്ന അമ്മ എടുക്കുന്ന രാഷ്ട്രീയ പാകത മകന് തീരെ അപ്രാപ്യമാണ് .     .

ഒരുപരിധി വരെ സോണിയ ഗാന്ധിയുടെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും ഭരണകക്ഷി നേതൃത്വത്തെ സ്വാധീനിക്കുന്നതിന് കഴിയുന്നു. ബുധനാഴ്ച ഈ വസ്തുത പ്രകടവുമായിരുന്നു.ഡൽഹി കലാപവുമായി ബന്ധപ്പെട്ടപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയിൽ ഞെട്ടൽ രേഖപ്പെടുത്തി  സോണിയ ഗാന്ധി പത്രസമ്മേളനത്തിൽ  സംസാരിച്ചതിന് തൊട്ടുപിന്നാലെ നരേന്ദ്ര മോദി രണ്ട് ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു .കലാപബാധിത പ്രദേശങ്ങളിൽ പര്യടനം നടത്തിയിട്ടില്ലെന്ന് സോണിയ ഗാന്ധി വിമർശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, നോർത്ത് ഈസ്റ്റ് ദില്ലിയിൽ വർഗീയ സംഘട്ടനങ്ങൾ നടന്ന പ്രദേശങ്ങളിലെത്തി  ജനങ്ങളെ സമാശ്വാസിപ്പിക്കുകയും ചെയ്തിരുന്നു .

സോണിയ ഗാന്ധി പറഞ്ഞ കാര്യങ്ങൾ ചവറ്റുകുട്ടയിലിടാൻ ബിജെപി നേതൃത്വത്തിന്റേയോ ആം ആദ്മി പാർട്ടി നേതൃത്വത്തിന്റേയോ ശ്രമം നടന്നില്ല എന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ് താനും .എന്നാൽ  രാഹുൽഗാന്ധി ഉന്നയിക്കുന്ന  പരാമർശങ്ങളോടും ആരോപണങ്ങളോടും  ഭരണപക്ഷം സമീപിക്കുന്ന പ്രതികരണം തീർത്തും വ്യത്യസ്തവുമാണ് .

ജസ്റ്റിസ് എസ് മുരളീധറിനെ ദില്ലി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്കു മാറ്റിയ വിഷയം രാഹുൽ ഗാന്ധി വ്യാഴാഴ്ച ഉന്നയിച്ചപ്പോൾ ഭരണപക്ഷം ശക്തമായി തിരിച്ചടി നല്കിയിരുന്നു ജസ്റ്റിസ് മുരളീധരന്റെ നിയമനവുമായി ബന്ധപ്പെടുത്തി ജസ്റ്റിസ് ലോയയെയും .സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് ഏറ്റുമുട്ടൽ കേസും വലിച്ചിഴച്ച് കൊണ്ടു വന്ന രാഹുൽ ഗാന്ധി സ്വയം അപഹാസ്യനാവുകയായിരുന്നു ഇവിടെ .

ദില്ലി വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാക്കളെയും ദില്ലി പോലീസിനെയും കേന്ദ്ര സർക്കാരിനെയും ജസ്റ്റിസ് മുരളീധർ രൂക്ഷമായി വിമർശിച്ചിരുന്നു. ആരോപണവിധേയയരായ ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ജസ്റ്റിസ് മുരളീധറെ മാറ്റിയതായി രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് ശേഷം കോൺഗ്രസ് ശക്തമായി ആരോപിച്ചു.

എന്നാൽ ആരോപണത്തോട് പ്രതികരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് കോൺഗ്രസിന് ജുഡീഷ്യറിയോട് തീരെ പരിഗണനയില്ലെന്നും ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിയോട് “സ്വയം സുപ്രീം കോടതിക്ക് മുകളിലാണോ താങ്കളെന്നും ” ചോദിച്ചിരുന്നു .രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ തീർത്തൂം അപക്വമായി തള്ളിക്കളയാൻ ഭരണപക്ഷത്തിന് കഴിയുന്നുണ്ട് .

രാഹുൽ ഗാന്ധിയെക്കൊണ്ട്  ബിജെപിക്കും മറ്റ് എതിരാളികൾക്കുമിടയിൽ പ്രതിപക്ഷത്തിന് ചേർന്ന വിധത്തിലുള്ള പ്രതിരോധം തീർക്കാൻ  കഴിയുന്നില്ലെന്ന ബോധം ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ് . ഇത് ശശി തരൂരിനെപ്പോലുള്ള നേതാക്കൾ തുറന്നു പറയുന്നുമുണ്ട് . രാഹുൽ ഗാന്ധി കോൺഗ്രസ്സ് പ്രസിഡണ്ട് ആയി വീണ്ടും മടങ്ങി വരുന്നതിനെകുറിച്ച് ഒരു വാർത്താ ഏജൻസിക്ക് നല്കിയ അഭിമുഖത്തിൽ തനിക്കുള്ള അതൃപ്തി അദേഹം തുറന്നു പറയുകയും ചെയ്തിരുന്നു .

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി രാജിവച്ചപ്പോൾ കോൺഗ്രസ് പ്രസിഡന്റിന്റെ റോളിൽ സോണിയ ഗാന്ധി മടങ്ങിയെത്തുകയായിരുന്നു .അഭിഷേക് മനു സിങ്‌വി, സന്ദീപ് ദീക്ഷിത് എന്നിവരുൾപ്പെടെ മറ്റ് ചില ഉന്നത നേതാക്കളും  വിവിധ അവസരങ്ങളിൽ തരൂർ പ്രകടിപ്പിച്ച അതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത് . ഏറ്റവും ഒടുവിലായി ഇതേക്കുറിച്ച് പ്രതികരിച്ചത്.മനീഷ് തിവാരിയാണ് . നിലവിൽ പാർട്ടിക്ക് നേതൃത്വം നൽകുന്ന ഏറ്റവും മികച്ച വ്യക്തി സോണിയ ഗാന്ധിയാണെന്ന് തന്റെ അഭിമുഖങ്ങളിൽ മനീഷ് തിവാരി വാദിച്ചു. ഭാവിയിലും  പ്രസിഡന്റായി സോണിയയെ വേണമെന്നും അവർ  വന്നതിനു ശേഷം കോൺഗ്രസിൽ വളരെയധികം അഭിപ്രായ സമന്വയമുണ്ടെന്നും ”തിവാരി മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധി പാർട്ടി മേധാവിയായി മടങ്ങിവരുന്നതിനായി കോൺഗ്രസിന്റെ ഒരു ക്യാമ്പ് പാർട്ടിക്കുള്ളിൽ ലോബി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന സമയത്താണ് ഉന്നത നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണം ..സോണിയ ഗാന്ധി തുടരണമെന്ന് കോൺഗ്രസിലെ നിശബ്ദ ഭൂരിപക്ഷം ആഗ്രഹിക്കുന്നുവെന്നും തിവാരി അഭിമുഖത്തിൽ പറഞ്ഞു.

ലോക്സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരിയും രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതിൽ ശക്തമായി എതിർപ്പുള്ള നേതാവാണ്  “രാഹുൽ ഗാന്ധി ഇല്ലായിരുന്നുവെങ്കിൽ കോൺഗ്രസ് നിലനിൽക്കില്ലേ? പാർട്ടി എവിടെ പോകും? കോൺഗ്രസ് ഒരിക്കലും അപ്രത്യക്ഷമാകില്ല” എന്ന് മാധ്യമ റിപ്പോർട്ടുകളിൽ ചൗധരി ഉദ്ധരിച്ചിട്ടുണ്ട്.

ഇത് കോൺഗ്രസിനുള്ളിൽ രാഹുൽ ഗാന്ധിയയ്ക്കെതിരെ നടക്കുന്ന പടപ്പുറപ്പാട് തന്നെയാണ് . നേതൃത്വം ശക്തിപ്പെടണമെങ്കിൽ സജീവവും പക്വതയുള്ളതും മുഴുവൻ സമയം പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ സന്നദ്ധതയുള്ളതുമായ ഒരു നേതാവ് വേണം . അതിന് രാഹുൽ ഗാന്ധി മതിയാവില്ല എന്ന് തന്നെയാണ് ഓരോ നേതാവും വിലയിരുത്തുന്നത്.   ഓരോ ദിവസവും കഴിയുന്തോറും തങ്ങളുടെ കോട്ടകളെ ശക്തിപ്പെടുത്തുന്ന ബിജെപിയുടെയും പ്രാദേശിക പാർട്ടികളുടെയും പതിനെട്ട് അടവുകളുടെ  എണ്ണമയമുള്ള തിരഞ്ഞെടുപ്പ് യന്ത്രത്തിൽ നിന്ന് പാർട്ടി വെല്ലുവിളികൾ നേരിടുമ്പോൾ അവർക്ക് വേണ്ടത് നിഷ്ക്രിയനും ഇടവേളകളിൽ മാത്രം രംഗപ്രവേശനം നടത്തുന്നവനുമായ ഒരാളെയല്ല എന്ന് സാരം . ഈ രീതിയിൽ കാര്യങ്ങൾ പോവുകയാണെങ്കിൽ ഇന്ത്യയുടെ ദേശീയ ചരിത്രത്തിൽ നിന്നും ഗാന്ധി തലമുറ എന്നന്നേക്കുമായി അടർത്തപ്പെട്ടു പോകും .

shortlink

Related Articles

Post Your Comments

Related Articles


Back to top button