പ്രായം കൂടുംതോറും ചര്‍മ്മത്തില്‍ അത് പ്രതിഫലിക്കാറുണ്ട്. പ്രധാനമായും ചുളിവുകള്‍, വരകള്‍, തിളക്കം മങ്ങല്‍ എന്നിവയെല്ലാമാണ് ചര്‍മ്മത്തിന് പ്രായം തോന്നിക്കാന്‍ ഇടയാക്കുന്നത്. ചിലരിലാകട്ടെ, ഇത് മോശം ജീവിതശൈലിയുടെ ഭാഗമായി നേരത്തേ കണ്ടുതുടങ്ങും. അങ്ങനെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ പ്രായത്തിന്റെ അടയാളങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. അത്തരത്തിലുള്ളവ തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നതിലൂടെ ചെറിയ പരിധി വരെയെങ്കിലും ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ നമുക്കാകും. അത്തരത്തില്‍ ഒഴിവാക്കേണ്ട നാല് ഭക്ഷണ-പാനീയങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
പലതരം ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മളെയെത്തിക്കുന്ന ഒന്നാണ് പ്രോസസ്ഡ് ഭക്ഷണം. അത്, ചര്‍മ്മത്തേയും പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന അളവില്‍ സോഡിയം, ഷുഗര്‍ എന്നിവ അടങ്ങിയതാണ് പ്രോസസ്ഡ് ഭക്ഷണം. ഇവ രണ്ടും ചര്‍മ്മത്തിന് പ്രായം തോന്നിക്കാന്‍ കാരണമാകുന്നതാണ്. അതിനാല്‍ പ്രോസസ്ഡ് ഭക്ഷണം പരിപൂര്‍ണ്ണമായും ഒഴിവാക്കാം.
വിറ്റാമിന്‍-സി, വിറ്റാമിന്‍-ഇ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താം. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികള്‍ തന്നെയാണ് ഇതില്‍ മുഖ്യം.
കാര്‍ബണേറ്റഡ് പാനീയങ്ങളും സോഡയുമാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട മറ്റൊന്ന്. ഇതിലും നേരത്തേ സൂചിപ്പിച്ചത് പോലെ കൃത്രിമമധുരം ധാരാളമായി അടങ്ങിയിട്ടുണ്ട്. ദാഹശമനത്തിനായി ഏതെങ്കിലും തരത്തിലുള്ള പാനീയങ്ങളെ ആശ്രയിക്കേണ്ടതായ സാഹചര്യം വന്നാല്‍ നാരങ്ങവെള്ളമാണ് ഇതിന് ഉത്തമം.
മദ്യപാനത്തിന്റെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലെങ്കിലും, അത് ചര്‍മ്മത്തെ മോശമായി ബാധിക്കുമെന്ന വസ്തുത പലര്‍ക്കുമറിയില്ലെന്നതാണ് സത്യം. ചര്‍മ്മം അയഞ്ഞുതൂങ്ങുന്നതില്‍ മദ്യത്തിനുള്ള പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ മദ്യപാനത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ തീരുമാനം എടുക്കുക.
കഫേന്‍ ധാരാളമായി അടങ്ങിയ പാനീയങ്ങളും ചര്‍മ്മത്തിന് അത്ര നന്നല്ല. കോഫി തന്നെയാണ് ഇതില്‍ പ്രധാനം.
പൊതുവേ, മാനസിക സമ്മര്‍ദ്ദം ഏറുമ്പോഴാണ് എല്ലാവരും കാപ്പി കുടിക്കാനാഗ്രഹിക്കുക. ഇത് ഇരട്ടി ദോഷമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തിന് പ്രായം തോന്നിക്കാന്‍ ഈ രണ്ട് കാരണങ്ങള്‍ വലിയ തോതില്‍ കാരണമാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ കാപ്പി പരമാവധി ഒഴിവാക്കുകയോ, നല്ലപോലെ നിയന്ത്രിക്കുകയോ ആവാം. പകരം ഗ്രീന്‍ ടീ പോലുള്ള ‘ഹെര്‍ബല്‍’ ചായകള്‍ പതിവാക്കാം. ചര്‍മ്മത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന കാര്യത്തിലാണെങ്കില്‍ ഗ്രീന്‍ ടീ വളരെയധികം പേര് കേട്ടതുമാണ്.
Post Your Comments