ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ – സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് അവധി ആയിരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഇന്റേണല്‍ അടക്കമുള്ള പരീക്ഷകളും ഇന്ന് നടക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേഷ് പൊഖ്രിയാലിനോട് അഭ്യര്‍ഥിച്ചിരുന്നു. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളും മാറ്റിവച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്താനിരുന്ന ബോര്‍ഡ് പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഭീതിയും കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
അതേസമയം ഡല്‍ഹിയില്‍ സംഘര്‍ഷത്തില്‍ മരണം 14 ആയി. ഇന്നലെ രാത്രിയും ചിലയിടങ്ങളില്‍ അക്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 56 പൊലീസുകാരും ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജഫ്രാബാദ്, കര്‍വാള്‍ നഗര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണ്. കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളെല്ലാം ഇന്ന് തുറന്നിട്ടുണ്ട്.
Post Your Comments