തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തേയ്ക്കാണ് വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിർദ്ദേശിച്ചത്. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അനുവദിക്കണം എന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. സുപ്രിംകോടതി തീരുമാനം വരുന്നത് വരെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം അഭയ മരിക്കാനുള്ള കാരണം തലയ്ക്ക് പിറകിലേറ്റ അടിയാണെന്ന് ഫോറൻസിക് വിദഗ്ധൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഫോറൻസിക് വിദഗ്ധനായ ഡോ. എസ്കെ പഥക് ആണ് തിരുവനന്തപുരം സിബിഐ കോടതിക്ക് മുമ്പാകെ മൊഴി നൽകിയത്. അഭയ കേസിൽ ഡമ്മി പരീക്ഷണം നടത്തിയ വിദഗ്ധനാണ് ഇദ്ദേഹം.
അഭയയുടെ തലയിലുണ്ടായിരുന്ന ഒന്നും രണ്ടും മുറിവുകളാണ് മരണത്തിലേക്ക് വഴിവെച്ചത്. ശരീരത്തിൽ കണ്ട മുറിവുകളെല്ലാം കിണറ്റിൽ വീഴുമ്പോൾ ഉണ്ടായതാണെന്നും പഥക് പറഞ്ഞിരുന്നു. കൊല്ലപ്പെട്ടതിന് ശേഷമാണ് കിണറ്റിൽ വലിച്ചെറിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൃക്സാക്ഷികളില്ലാത്ത കേസാണ് സിസ്റ്റർ അഭയ കൊലപാതക കേസ്. അതുകൊണ്ട് തന്നെ ശാസ്ത്രീയ തെളിവുകൾക്ക് ഊന്നൽ നൽകിയാണ് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം നടത്തുന്നത്.
അഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറിലിട്ടതെന്ന് ഫോറൻസിക് വിദഗ്ധനായ കന്തസ്വാമിയും നേരത്തെ മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മുമ്പാണ് വിണിരുന്നതെങ്കിൽ ആമാശയത്തിൽ കൂടുതൽ വെള്ളം ഉണ്ടാകുമായിരുന്നെന്നും കന്തസ്വാമി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തലയിലേറ്റ മുറിവുകളിൽ തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ മുറിവാണ് മരണ കാരണം. കോടാലി പോലുള്ള ആയുധത്തിന്റെ പിൻഭാഗം കൊണ്ടുള്ള ശക്തമായ ഇടിയാണ് ക്ഷതമേൽപ്പിച്ചതെന്നും മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമി കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments