തിരുവനന്തപുരം•ചാല മുഖം മിനുക്കി സുന്ദരിയായി. ചാല കമ്പോളം ചാല പൈതൃകത്തെരുവാക്കി നവീകരിക്കുന്നതിന്റെ ഒന്നാം ഘട്ട ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചാല പൈതൃക തെരുവ് പദ്ധതിയുടെ ഒരു ഘടകമായ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ നവീകരണമാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. 233 കടകളാണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചത്. ഇതിൽ 25 കടകൾ പഴയ കടകൾ നവീകരിച്ചതാണ്.
ചാല പൈതൃക തെരുവ് പദ്ധതിയുടെ ഭാഗമായി കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും, ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും, മേല്‍ക്കൂരയോട് കൂടിയ നടപ്പാതയും, വിശ്രമ ബഞ്ചുകളും, പൂച്ചെടികളും എല്ലാം പൈതൃകത്തെരുവില്‍ ഒരുക്കും. ഗാന്ധിപാര്‍ക്കിന് എതിര്‍വശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടമൊരുക്കും. കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും. പൈതൃകത്തെരുവിന്റെ മുദ്രയോട് കൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും, ഒരേ തരം നിറവും പൈതൃകത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ ആകര്‍ഷകമാക്കും. ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും. ചിത്രമതിലുകളും മറ്റുമൊരുക്കി ആര്യശാലയില്‍ പരമ്പരാഗത ഭംഗി നിലനിര്‍ത്തിയുളള സൗന്ദര്യവല്‍ക്കരണം നടത്തും. വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും എല്ലാം ഭൂമിക്കടിയിലൂടെ സ്ഥാപിക്കും.
മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ശുചിത്വമിഷന്‍, കോര്‍പ്പറേഷന്‍, ട്രിഡ എന്നിവയുടെ സഹായത്തോടെ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തടസ്സമില്ലാതെ ചാല കമ്പോളത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും. നിലവില്‍ ഗതാഗതകുരുക്കും തെരുവ് കയ്യേറിയുള്ള കച്ചവടവും കാരണം കാല്‍നടയാത്രയ്ക്ക് പോലും പ്രയാസം നിറഞ്ഞ സ്ഥിതിയിലാണ് ചാല. ഇതുമൂലം ചാലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് പരിഹാരം തീര്‍ക്കാന്‍ പൈതൃകത്തെരുവ് പദ്ധതി പൂർണമായും യാഥാർഥ്യമാകുന്നതോടെ സാധിക്കും. ഷോപ്പിംഗ് മാളുകളുടെയും മറ്റും വരവോടെ സ്വാഭാവിക മരണത്തിലേക്ക് നീങ്ങുന്ന ചാല തെരുവിന് പുനര്‍ജീവന്‍ നല്‍കുന്നതിനാണ് വിനോദസഞ്ചാര വകുപ്പിന്റെ പദ്ധതി.
പൈതൃക തെരുവ് പദ്ധതിയോടൊപ്പം സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമുള്ള വികസനം കൂടി യാഥാർഥ്യമാകുന്നതോടെ ചാല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വലിയ തോതിലുള്ള വികസനമാണ് ചാലയിലും പരിസരത്തുമായി നടത്തുന്നത്. ചാലയിലെ റോഡുകളും അനുബന്ധ റോഡുകളും സ്മാർട്ട് റോഡുകളായി മാറുകയാണ്. ഇലക്ട്രിസിറ്റി, വാട്ടർ, BSNL തുടങ്ങി എല്ലാ കണക്ഷനുകളും അണ്ടർ ഗൗണ്ട് ഡക്റ്റ് വഴി ആക്കി മാറ്റുന്നതാണ്. ഇനി ഇടക്കിടെയുള്ള റോഡ് കുഴിപ്പും മറ്റും ഇതിലൂടെ ഒഴിവാക്കാൻ കഴിയും. സ്വാഭാവികമായും വികസനവും വേഗത്തിലാകും. സ്മാർട്ട് റോഡുകൾ വരുന്നതിനൊപ്പം തന്നെ ഇരു വശവും മനോഹരമായ പൂന്തോട്ടവും പ്രത്യേക നടപ്പാതയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നതാണ്. 11 കോടി രൂപയാണ് സ്മാര്‍ട്ട് റോഡ് നിര്‍മിക്കാനായി വകയിരുത്തിയിരിക്കുന്നത്. ഇന്റേണല്‍ റോഡുകളും കൂടി ചേരുമ്പോള്‍ 34 കോടി രൂപ റോഡിനു മാത്രമായി നീക്കി വെച്ചിട്ടുണ്ട്.
ഇത് കൂടാതെ അട്ടകുളങ്ങരയുള്ള ട്രിഡയുടെ ഭൂമിയിൽ വലിയൊരു വെയർ ഹൗസ് സ്ഥാപിക്കുവാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ചാല കമ്പോളത്തിലേക്ക് വരുന്ന സാധന സാമഗ്രികളുടെ വലിയൊരു സ്റ്റോറെജ് സ്‌പേസ് ആയി ഈ വെയർ ഹൗസ് മാറും. 8.1 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ഏറ്റവും പ്രധാനം ഡൽഹിയിലെ പാലികാ ബസാറിന്റെ മാതൃകയിൽ ചാലയിൽ വരാൻ പോകുന്ന അണ്ടർ ഗ്രൗണ്ട് മാർക്കറ്റ് ആണ്. KSRTC ബസ് സ്റ്റാൻഡിൽ നിന്നും ചാല മാർക്കറ്റിലേക്ക് ഒരു സബ്‌വേയും പണിയും. ഇതിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉദ്‌ഘാടന ചടങ്ങിൽ എംഎൽഎ വിഎസ് ശിവകുമാർ, ടൂറിസം ഡയറക്ടർ ബാലകിരൺ ഐഎഎസ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ജി ശങ്കർ, കൗൺസിലർ, വ്യാപാരി വ്യവസായി സംഘടനാ നേതാക്കൾ, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments