Kerala

ചാല പൈതൃകത്തെരുവ് തലസ്ഥാന വികസനത്തിന്റെ പ്രതീകമാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ചാല പൈതൃകത്തെരുവ് തലസ്ഥാനത്തിന് അഭിമാനവും, നഗരവാസികള്‍ക്ക് പ്രയോജനപ്രദവുമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചാല പൈതൃകത്തെരുവ് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുമായും, വ്യാപാരി വ്യവസായികളുമായും, രാഷ്ട്രീയ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും, ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും മേല്‍ക്കൂരയോട് കൂടിയ നടപ്പാതയും വിശ്രമ ബഞ്ചുകളും പൂച്ചെടികളും പൈതൃകത്തെരുവില്‍ ഒരുക്കും. ഗാന്ധിപാര്‍ക്കിന് എതിര്‍വശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടമൊരുക്കും. കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും. പൈതൃകത്തെരുവിന്റെ ലോഗോയോട് കൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും, ഒരേനിറവും പൈതൃകത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ ആകര്‍ഷകമാക്കും. ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും. ചിത്രമതിലുകളും മറ്റുമൊരുക്കി ആര്യശാലയില്‍ പരമ്പരാഗത ഭംഗി നിലനിര്‍ത്തിയുളള സൗന്ദര്യവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും ഭൂമിക്കടിയിലൂടെ സ്ഥാപിക്കും. ചാല കമ്പോളത്തിന്റെ പൊതു വികസനത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മന്ത്രിമാരുടെ യോഗം ഇതിനായി വിളിച്ചുചേര്‍ക്കും. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ശുചിത്വമിഷന്‍, കോര്‍പ്പറേഷന്‍, ട്രിഡ എന്നിവയുടെ സഹായത്തോടെ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കും. വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തടസ്സമില്ലാതെ ചാല കമ്പോളത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും. നിലവില്‍ ഗതാഗതകുരുക്കും തെരുവ് കയ്യേറിയുള്ള കച്ചവടവും കാരണം കാല്‍നടയാത്രയ്ക്ക് പോലും പ്രയാസം നിറഞ്ഞ സ്ഥിതിയിലാണ് ചാല.

ഈ വലിയ പ്രതിസന്ധിപരിഹരിക്കാന്‍ പൈതൃകത്തെരുവ് പദ്ധതിയിലൂടെ സാധിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് വ്യാപാരി പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ആശങ്കകളൊന്നും വേണ്ടെന്നും, ഷോപ്പിംഗ് മാളുകളുടെയും മറ്റും വരവോടെ സ്വാഭാവിക മരണത്തിലേക്ക് നീങ്ങുന്ന ചാല തെരുവിന് പുനര്‍ജീവന്‍ നല്‍കുന്നതിനാണ് വിനോദസഞ്ചാര വകുപ്പിന്റെ പദ്ധതിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിന്റെ വിശദമായ പദ്ധതിരേഖ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജി.ശങ്കറിന്റെ നേതൃത്വത്തില്‍ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. പ്രാഥമിക രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി , വി.എസ് ശിവകുമാര്‍ എംഎല്‍എ, ആര്‍കൈവ്‌സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ജില്ലാകളക്ടര്‍ ഡോ. കെ. വാസുകി, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, കവയത്രി റോസ് മേരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ചാല പൈതൃകത്തെരുവ് പദ്ധതിയെ യോഗത്തില്‍ പങ്കെടുത്തവരെല്ലാം സ്വാഗതം ചെയ്തുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.

Also read : ഇ.​പി.​ജ​യ​രാ​ജ​ന്‍ എം​എ​ല്‍​എയെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button