തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍ ശരീര ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മരണംവരെ സംഭവിക്കാവുന്ന ഒന്നാണ് സൂര്യാതപം.
ചൂട് സമയത്ത് സാധാരണയേക്കാള്‍ ധാരാളം വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും ഉത്തമം. പാതയോരങ്ങളില്‍ നിന്നുള്ള ഐസിട്ട വെള്ളം കുടിക്കുന്നത് പലതരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. രോഗികള്‍ ഒരുകാരണവശാലും കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒഴിവാക്കരുത്. കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും ശരീരം നനയ്ക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലതാണ്. വീട്ടില്‍ ഫാന്‍ ഉപയോഗിക്കുകയാണെങ്കില്‍ പോലും കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടേണ്ടതാണ്. രാത്രി കിടക്കും മുമ്പ് കുളിക്കുന്നതും മതിയായ വെള്ളം കുടിക്കുന്നതും നല്ലതാണ്. രാത്രിയില്‍ അമിത ഭക്ഷണം ഒഴിവാക്കേണ്ടതാണ്. കഠിന വെയില്‍ ഒഴിവാക്കുക. ഇടയ്ക്കിടയ്ക്ക് തണലില്‍ അഭയം തേടണം. യാത്ര ചെയ്യുന്നവരും ജോലിക്ക് പോകുന്നവരും ഒരു കുപ്പി ശുദ്ധമായ കുടിവെള്ളം കൈയ്യില്‍ കരുതുന്നത് നന്നായിരിക്കും.
ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്ഥയായ ഹീറ്റ് റാഷ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.
സൂര്യാതപം ഉണ്ടായതായി തോന്നിയാല്‍ തണലിലേക്ക് മാറി വെള്ളമോ ഐസോ തുണിയില്‍ മുക്കി ശരീരം തണുപ്പിക്കേണ്ടതാണ്. ഉപ്പിട്ട് കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്.
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമ വേളയായി പരിഗണിച്ച് ജോലി സമയം അതിരാവിലേയും വൈകുന്നേരവുമായി ക്രമീകരിക്കേണ്ടതാണ്. വളര്‍ത്തു മൃഗങ്ങള്‍ക്കും ധാരാളം വെള്ളം കൊടുക്കേണ്ടതാണ്.
Post Your Comments