ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണായക ചർച്ച നടത്തും. ചർച്ചയിൽ ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം നൽകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ-യുഎസ് ആഗോള പങ്കാളിത്തം വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ് ചർച്ച.
ഇസ്‌ലാമിക ഭീകരവാദം നേരിടാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മൂന്ന് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഇന്ത്യമായി നാളെ ഒപ്പിടുമെന്നും അഹമ്മദാബാദിലെ മൊട്ടെറ സ്‌റ്റേഡിയത്തിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ദക്ഷിണേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യ മുൻ കൈയെടുക്കണമെന്ന് പറഞ്ഞ ട്രംപ് പാക്കിസ്ഥാനുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടെന്നും വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച സൈനിക ഉപകരണങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി. വ്യാപാര കരാർ യഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുടെ ഐക്യം ലോകത്തിന് പ്രചോദനമാണ്. ജനാധിപത്യവും പൗരാവകാശങ്ങളും നിലനിർത്തി ഇത്രയേറെ മുന്നേറാൻ കഴിഞ്ഞ ഒരു രാജ്യവും ഭൂമിയിലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു. ഇന്ത്യ അമേരിക്ക ബന്ധം നയതന്ത്ര തലത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് മോദി പറഞ്ഞു. ഇന്ത്യ അമേരിക്ക സൗഹൃദം ചിരകാലം നിലനിൽക്കുമെന്ന മോദിയുടെ വാക്കുകൾ സദസ് കാണികളൊന്നാകെ ഏറ്റെടുത്തു.
ഇന്ത്യയും അമേരിക്കയും ഭീകരവാദത്തിന്റെ ഇരകളാണെന്ന് ട്രംപ് പറഞ്ഞു. സ്വന്തം അതിർത്തി സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്. അതിർത്തിയിലെ ഭീകര പ്രവർത്തനം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണം. ഐ എസ് കൊലയാളികള ഇല്ലാതാക്കാൻ അമേരിക്കൻ സൈന്യത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി യു എസ് പ്രസിഡന്‍റ് ട്രംപ് ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും മകൾ ഇവാൻക ട്രംപും നമസ്തേ ട്രംപ് പരിപാടിയുടെ ഭാഗമായി അഹമ്മദാബാദിൽ എത്തി.
Post Your Comments