ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേഗതിക്കെതിരെയുളള പ്രതിഷേധം ഡല്‍ഹിയില്‍ അക്രമാസക്തമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്കുകള്‍.
‘മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മോദിയുമായി ചര്‍ച്ച നടത്തി. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി മോദി എന്നോട് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലക്കൊളളുന്നത്. ചില ഒറ്റപ്പെട്ട ആക്രമണങ്ങളെ കുറിച്ച് കേട്ടു. എന്നാല്‍ അതിനെ കുറിച്ച് ഒന്നും ചര്‍ച്ച ചെയ്തില്ല. അതെല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്’- ട്രംപ് പറഞ്ഞു.
ഇന്ത്യയുമായി മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്.കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്‌നമാണ്. കശ്മീര്‍ പ്രശ്‌നം പരിഹിക്കാന്‍ ഇരുവിഭാഗങ്ങളും കാലങ്ങളായി ശ്രമിച്ചുവരികയാണ്. ഇരുവിഭാഗങ്ങളും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
പാകിസ്ഥാന്റെ പിന്തുണയോടെയുളള ഭീകരവാദത്തെ കുറിച്ച് ചര്‍ച്ച നടത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം മെച്ചപ്പെടാന്‍ എന്തുവേണമെങ്കിലും ചെയ്യാമെന്ന് ഉറപ്പ് നല്‍കി. ഇരുപ്രധാനമന്ത്രിമാരുമായി തനിക്ക് നല്ല ബന്ധമാണ് ഉളളതെന്നും ട്രംപ് പറഞ്ഞു.
Post Your Comments