ന്യൂഡല്‍ഹി: സേനാംഗങ്ങള്‍ കുറവായിരുന്നതിനാല്‍ ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പോലീസ്. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക്. അക്രമികളെ പോലീസ് വെറുതെവിടില്ല. കര്‍ശന നടപടി പോലീസ് സ്വീകരിക്കും. പോലീസിനെയും സിആര്‍പിഎഫിനെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും വടക്കു കിഴക്കന്‍ ഡല്‍ഹി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
ജില്ലയുടെ പലഭാഗത്തും 144 പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു . കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുള്ള എല്ലാ പിന്തുണയും ഡല്‍ഹി പോലീസിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അംഗബലം കുറവായതിനാല്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ അതിവേഗം നിയന്ത്രിക്കാനായില്ലെന്ന് ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചുമതലകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നതിനാല്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവ നിഷേധിച്ചുകൊണ്ടാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രംഗത്തെത്തിയിട്ടുള്ളത്.
Post Your Comments