ന്യൂഡല്‍ഹി :വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ രത്തന്‍ ലാല്‍ മരിച്ചത് കല്ലേറിൽ അല്ലെന്ന് സ്ഥിരീകരണം. രത്തൻ ലാൽ മരിച്ചത് വെടിയേറ്റാണെന്നാണ് മൃതദേഹപരിശോധനാ ഫലം. 42 കാരനായ രത്തന്‍ ദയാല്‍പുര്‍ പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ചാണ് ആക്രമിക്കപ്പെട്ടത്.കല്ലേറിലാണ് രത്തന്‍ലാല്‍ മരണപ്പെട്ടതെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
എന്നാല്‍ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ നടന്ന മൃതദേഹ പരിശോധനയിലാണ് ഇടതുചുമലിന് വെടിയേറ്റതിനെ തുടര്‍ന്നാണ് രത്തന്‍ മരണപ്പെട്ടത് എന്ന് വ്യക്തമായത്. ഇടതുചുമലില്‍ തുളഞ്ഞുകയറിയ ഈ വെടിയുണ്ട മൃതദേഹ പരിശോധനയില്‍ വലതുചുമലില്‍ നിന്നാണ് പുറത്തെടുത്തത്. രത്തൻലാലിന്റെ മൃതദേഹം വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലുള്ള വീട്ടിലെത്തിക്കും. തുടര്‍ന്ന് ജന്മഗ്രാമമായ ഫത്തേപുരിലേക്ക് കൊണ്ടുപോവും. ബുധനാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഡല്‍ഹിയിലെ സംഘര്‍ഷം ഒറ്റപ്പെട്ടത്, പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ഡൊണാള്‍ഡ് ട്രംപ്
അതേസമയം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ പത്തു പേരാണ് ഇതിനകം മരിച്ചിരിക്കുന്നത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച രണ്ടുപേരും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവരായിരുന്നു.അക്രമങ്ങളില്‍ പരിക്കേറ്റ് ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മരിച്ചു. മൂന്നുദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്.
ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, മൗജിപുര്‍, കര്‍ദംപുരി, ഭജന്‍പുര,ഗോകല്‍പുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്.
Post Your Comments